ആലപ്പുഴ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ എന്തിന് മതവിദ്വേഷം കാണുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചടങ്ങിനെ സംബന്ധിച്ചുള്ള പല രാഷ്‌ട്രീയ തീരുമാനങ്ങളും വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാണ്. വർഷങ്ങളായുള്ള ഹിന്ദുകളുടെ കാത്തിരിപ്പാണ് അയോദ്ധ്യയിലെ രാമക്ഷത്രേം. ആ വികാരത്തെ എതിർക്കാൻ ഒരു ശക്തിയ്‌ക്കുമാകില്ലെന്നും വെളളാപ്പളളി നടേശൻ പറഞ്ഞു.
ക്രിസ്ത്യാനികൾക്ക് ക്രിസ്തുവും മുസ്ലീങ്ങൾക്ക് പ്രവാചകനും ദൈവമാണെങ്കിൽ ഹിന്ദുക്കൾക്ക് രാമനും ദൈവമാണ്. ഇതിന് മറ്റ് അർത്ഥങ്ങൾ നൽകി വിവാദമാക്കേണ്ട കാര്യമില്ല. തർക്ക മന്ദിരത്തിലെ വിധി സമന്വയത്തിന്റെതാണ്. ഇരു വിഭാഗത്തിനും ഒരുപോലെ സ്വീകാര്യമാകുന്നതുമായിരുന്നു. എന്നാൽ രാജ്യത്ത് മതവിദ്വേഷം ഉയർത്തി ജനങ്ങൾക്കിടയിൽ കുത്തിരിപ്പുണ്ടാകാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
ഈ മാസം 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് ഓരോ ഭാരതീയന്റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന് ഇന്നലെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. പ്രതിഷ്ഠാ മുഹൂർത്തതിൽ വിശ്വാസികളോട് ഭവനങ്ങളിൽ ദീപം തെളിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.















