ലക്നൗ: ജനുവരി 22-ന് നടക്കാനിരിക്കുന്ന അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി അയോദ്ധ്യാ നഗരത്തിൽ 10,548 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു. ഓപ്പറേഷൻ ത്രിനേത്രയുടെ ഭാഗമായാണ് സിസിടിവികൾ സ്ഥാപിച്ചിരിക്കുന്നത്.
രാമക്ഷേത്ര പരിസരത്ത് 3500-ഓളം ക്യാമറകളും അയോദ്ധ്യാ കോട്‌വാലി മേഖലയിൽ രണ്ടായിരത്തോളം ക്യാമറകളും അയോദ്ധ്യാ പോലീസ് സ്റ്റേഷന്റെ പരിസരത്ത് 1500 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സിറ്റി കോട്‌വാലി മേഖലയിൽ 710 ക്യാമറകളും സ്ഥാപിച്ചു.
പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി അയോദ്ധ്യ മുതൽ നേപ്പാൾ അതിർത്തി വരെ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നേപ്പാൾ അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഖേരി, ബഹ്റൈച്ച്, ശ്രാവസ്തി, മഹാരാജ്ഗഞ്ച്, ബൽറാംപൂർ സിദ്ധാർത്ഥ നഗർ, പിലിഭിത് എന്നീ പ്രദേശങ്ങളിൽ രഹസ്യാന്വേഷണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നേപ്പാളിലേക്ക് കടക്കുന്ന എല്ലാ റോഡുകളിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.















