മുംബൈ: വികസിത ഇന്ത്യയുടെ പ്രതീകമാണ് അടൽ സേതു കടൽപ്പാലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടൽ സേതുവിന്റെ ഉദ്ഘാടനത്തിന് ശേഷം നവി മുംബൈയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു വികസിത രാജ്യം എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് അടൽ സേതു. ഒരു വികസിത രാജ്യത്തിൽ എല്ലാവർക്കും മികച്ച സൗകര്യങ്ങളുണ്ടാകും, എല്ലാവർക്കും സംതൃപ്തിയുണ്ടാകും, വേഗതയും പുരോഗതിയുമുണ്ടാകും. ഇതിന്റെയൊക്കെ പ്രതീകമാണ് ഈ കടൽപ്പാലം’.
‘സംസ്ഥാനത്ത് നിരവധി വികസന പദ്ധതികളുടെ നിർമ്മാണം നടക്കുകയാണ്. മുംബൈയ്‌ക്ക് ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ലഭ്യമാകും. മഹാരാഷ്‌ട്രയിലും മുംബൈയിലുമായി നിരവധി വികസന പദ്ധതികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. നവി മുംബൈ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്’പ്രധാനമന്ത്രി പറഞ്ഞു.
17,840 കോടിയിലധികം രൂപ ചിലവിലാണ് അടൽ സേതു നിർമ്മിച്ചിരിക്കുന്നത്. 21.8 കിലോമീറ്റർ നീളമാണ് ഈ ആറ് വരി പാലത്തിനുള്ളത്. കടലിന് മുകളിലൂടെ 16.5 കിലോമീറ്ററും കരയിൽ 5.5 കിലോമീറ്ററും നീളമുണ്ട്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമാണ് അടൽ സേതു.















