കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ കടമുറിയ്‌ക്കുള്ളിൽ നിന്ന് കിട്ടിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവശിഷ്ടം കണ്ടെത്തിയ മുറിയ്‌ക്കുള്ളിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. തലയോട്ടി ലഭിച്ച മുറിക്കുള്ളിലെ വേസ്റ്റുകൾക്കിടയിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊബൈൽ ലഭിച്ചത്. ഫോണിന്റെ സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയായ യുവാവിന്റെ തലയോട്ടിയും അസ്ഥിയുമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
യുവാവ് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായി പോലീസ് കുടുംബവുമായി ബന്ധപ്പെട്ടു. എന്നാൽ ഏറെ നാളുകളായി ഇയാളെ കുറിച്ച് വിവരമില്ലെന്ന് ബന്ധുകൾ പോലീസിനെ അറിയിച്ചു. യുവാവിനെ കാണാതായെന്ന പേരിൽ കഴിഞ്ഞ ആറ് മാസത്തിനിടെ പരാതിയും രജിസ്റ്റർ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായതിന് ശേഷമേ മരിച്ചത് യുവാവാണോ എന്ന കാര്യത്തിൽ വ്യക്തത വരൂ.
ദേശീയപാത വികസനത്തിനായി തൊഴിലാളികൾ കുഞ്ഞിപ്പള്ളി ടൗണിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുമ്പോഴാണ്, അടച്ചിട്ട കടമുറിക്കുള്ളിൽ നിന്ന് തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയത്. കടമുറിക്കുള്ളിലെ വേസ്റ്റുകൾക്കിടയിലായിരുന്നു തലയോട്ടി. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് ചോമ്പാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് അസ്ഥിയുടെ ഭാഗങ്ങൾ ലഭിച്ചത്. തുടർന്ന് ഫോറൻസിക് വിദ്ഗധരും സ്ഥലത്തെത്തി പരിശോധന നടത്തി