പത്തനംതിട്ട: ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ ജന്മനക്ഷത്ര നാളില്‍ ശബരിമല അയ്യപ്പ സന്നിധിയില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. യേശുദാസ് ഉത്രാടം നക്ഷത്രം എന്ന പേരില്‍ പുലര്‍ച്ചെ 3.15 ന് ഗണപതി ഹോമവും നെയ്യഭിഷേകവും നടത്തി. തുടര്‍ന്ന് രാവിലെ 7.30 ന് ഉഷഃപൂജയ്‌ക്കൊപ്പം സഹസ്രനാമാര്‍ച്ചനയും നീരാഞ്ജനവും അരങ്ങേറി.
ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒജി ബിജുവിന്റെ ചുമതലയിലാണ് വഴിപാടുകള്‍ നടന്നത്. വഴിപാടുകളുടെ പ്രസാദം അമേരിക്കയില്‍ താമസിക്കുന്ന യേശുദാസിന് എത്തിച്ചുകൊടുക്കുക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 84-ാം ജന്മദിനത്തില്‍ യേശുദാസിന്റെ ഇഷ്ട ദേവതായ മൂകാംബിക ദേവിയ്‌ക്ക് മുന്നിലും പ്രത്യേക പൂജകള്‍ നടന്നിരുന്നു.
യുഎസിലെ വസതിയിലായിരുന്നു യേശുദാസ് 84-ാം ജന്മദിനം ആഘോഷിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ജന്മഗൃഹമായ ദ ഹൗസ് ഓഫ് യേശുദാസിലും ആഘോഷം സംഘടിപ്പിച്ചിരുന്നു. കൂടാതെ സംസ്ഥാനത്ത് പലയിടങ്ങളിലായി യേശുദാസ് ആലപിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കി വിവിധ സംഗീത പരിപാടികളും നടത്തിയിരുന്നു.















