ന്യൂഡൽഹി: ബിരുദ തലത്തിലുള്ള കോഴ്സുകളുടെ ഭാഗമായി പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ പുസ്തകം തയ്യാറാക്കാൻ താത്പര്യമുള്ളവരെ ക്ഷണിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ. വിവിധ വിഷയങ്ങളിലായി, 12 ഇന്ത്യൻ ഭാഷകളിൽ പാഠപുസ്തകങ്ങൾ എഴുതുന്നതിന് താത്പര്യമുള്ള എഴുത്തുകാർ,വിമർശകർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ തുടങ്ങിയവരെയാണ് യുജിസി തേടുന്നത്.
കല, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ, ബിരുദ തലത്തിലുള്ള കോഴ്സുകൾക്കായാണ് പുസ്തകം തയ്യാറാക്കേണ്ടത്. താത്പര്യമുള്ള എഴുത്തുകാർക്ക് ജനുവരി 30 വരെ അപേക്ഷിക്കാവുന്നതാണ്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാകും പുസ്തകം തയ്യാറാക്കുക.
https://docs.google.com/forms/d/e/1FAIpQLSdrW7yAOOHSPqGoLcQKiHEYWh-oz94LxjOCwVyl-8jWLQYwKw/viewform എന്ന ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യൻ ഭാഷകളിൽ ഉയർന്ന നിലവാരത്തിലുള്ള പാഠപുസ്തകങ്ങൾ എഴുതാൻ കഴിയുന്ന രചിതാക്കളുടെ സംഘങ്ങളെ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നോഡൽ സർവകലാശാലകളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് യുജിസി ചെയർമാൻ മാമിദാല ജഗ്ഗീഷ് കുമാൻ പറഞ്ഞു. ഇന്ത്യൻ ഭാഷകളെ പരിപോഷിപ്പിക്കാനും ഇന്ത്യൻ ഭാഷകളിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിനും യുവാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക സ്കൂൾ വിദ്യാഭ്യാസ ഘട്ടം മുതൽ ഒന്നിലധികം ഭാഷകളുമായി സമ്പർക്കം പുലർത്തുന്നവരാണ് കുട്ടികൾ. ഈ സാഹചര്യത്തിൽ പലരും അവരുടെ മാതൃഭാഷയിൽ നിന്ന് അകലുന്ന പ്രവണതയാണ് കണ്ടുവരുന്നത്. വലിയ പ്രത്യാഘാതങ്ങളിൽ നിന്നും തടയുന്നതിനാണ് ഇത്തരം ഉദ്യമം.















