നമ്മുടെ ജ്യോതിഷ-ജ്യോതിശാസ്ത്ര- കാർഷിക ശാസ്ത്രങ്ങൾ സൂര്യനെ ആധാരമാക്കിയാണ് തയ്യാറാക്കപ്പെട്ടിട്ടുളളത്.സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേരെ മുകളിൽ വരണം എന്നാണ് സങ്കല്പം. എന്നാൽ ഭൂമിയുടെ ചരിവ് കൊണ്ട് അവിടെ നിന്ന് തെക്കോട്ടും വടക്കോട്ടും നീങ്ങി ഉദിക്കുന്നതിനെയാണ് അയനം എന്ന് പറയുന്നത്. സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേരെ മുകളിൽ നിന്ന് തെക്കോട്ട് നീങ്ങി ഉദിക്കുന്നതിനെ ദക്ഷിണായണം എന്നും വടക്കോട്ട് നീങ്ങി ഉദിക്കുന്നതിനെ ഉത്തരായണം എന്നും പറയുന്നു. സൂര്യന്റെ ദിനചലനപഥം ക്രമേണ വടക്കോട്ടു നീങ്ങിവരുന്ന പ്രതിഭാസമാണ് ഉത്തരായണം. സംസ്കൃതത്തിൽ ഉത്തരം എന്ന വാക്കിനു വടക്കുഭാഗത്ത് എന്നും അയനം എന്ന വാക്കിനു യാത്ര എന്നുമാണ് അർത്ഥം. മകരം മുതല്‍ ആറു മാസക്കാലം ഉത്തരായനവു പിന്നീട് ആറു മാസം ദക്ഷിണായനവുമാണ്. ദേവന്‍മാരുടെ ഒരു പകലാണ് ഉത്തരായന കാലമെന്നാണ് വിശ്വാസം
ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്കുള്ള സൂര്യന്‍റെ മാറ്റമാണ് മകരസംക്രമം.സൂര്യൻ ദക്ഷിണായണം പൂര്‍ത്തിയാക്കി ഉത്തരായണം ആരംഭിക്കുന്നത് ഈ ദിനത്തിലാണ്. വടക്ക് ദിശയിലേക്ക് സൂര്യന്റെ പ്രയാണം തുടങ്ങുന്ന ഉത്തരായന കാലത്തിന്റെ തുടക്കമാണിത്. ഇക്കുറി സൂര്യൻ ധനു രാശിയിൽ നിന്നും 2024 ജനുവരി 15 തിങ്കളാഴ്‌ച്ച ഉദയാൽപരം 0 നാഴിക 16 വിനാഴിക ചെല്ലുമ്പോൾ ( 6 . 51 AM ) മകരം രാശിയിലേക്ക് ചതയം നക്ഷത്രത്തിൽ സംക്രമിക്കുന്നു. അതിനാൽ ഭാരതത്തിലെ എല്ലാ പ്രദേശങ്ങളിലും സൂര്യാരാധനയ്‌ക്ക് പ്രാധാന്യം നൽകുന്ന ദിവസം കൂടിയാണ് മകര സംക്രാന്തി. കേരളത്തിൽ ശബരിമലയിലെ മകരവിളക്ക് മഹോത്സവമാണ് ഈ ദിനത്തെ പ്രാധാന്യമുള്ളതാക്കുന്നത്. അയ്യപ്പ സ്വാമിക്ക് തിരുവാഭരണം ചാർത്തി മകര ജ്യോതി ദർശനത്തോടെ തീർത്ഥാടന കാലത്തിന് സമാപ്തി കുറിക്കുന്ന ദിവസമാണിത്.
ഉത്തരായണ പുണ്യ കാലത്തിലേക്കുള്ള പടിവാതിലാണ് മകര സംക്രമം. മകരസംക്രാന്തി ദിവസം മുതൽ പകൽ കൂടുതലാകും. സൂര്യന്റെ ഉത്തരായനകാലത്ത് ഭൂമധ്യരേഖയ്‌ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ ചൂട് കൂടിവരും. കർമ്മസാക്ഷിയായ സൂര്യദേവനാണ് ക്ഷീരപഥത്തിന്റെ ഊർജ്ജദായകൻ. ഭൂമിയിൽ ഊര്‍ജ്ജം കൂടുതലുള്ളതുകൊണ്ടാണ് ഇത് പുണ്യകാലമായി കരുതുന്നത്.ഭാരതീയ വിശ്വാസമനുസരിച്ച്എല്ലാ ശുഭകർമ്മങ്ങളും ഉത്തരായന കാലത്താണ്. ദേവപ്രതിഷ്ഠ, പുനഃപ്രതിഷ്ഠ ഇവയൊക്കെ ആ സമയത്താണ് നടക്കുക. . നിഷ്ഠയുള്ള ഉപാസനയിലൂടെ ഈ സമയത്ത് വേഗത്തില്‍ ഈശ്വരാനുഗ്രഹം നേടാനാകും. ഉപനയനത്തിനും അഷ്ടബന്ധകലശത്തിനും ക്ഷേത്രപ്രതിഷ്ഠയ്‌ക്കും ദേവപ്രശ്‌നചിന്തയിലൂടെ ദേവന്റെ ഹിതാഹിതങ്ങള്‍ മനസിലാക്കാനും മന്ത്രോപദേശം സ്വീകരിക്കുന്നതിനും മറ്റ് പല ശുഭകാര്യങ്ങള്‍ക്കും ഉത്തരായനം ശ്രേഷ്ഠമാണ്.
ഭാരതീയ സൗര കലണ്ടർ ഗണനയനുസരിച്ച് വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. ഛാന്ദോഗ്യ ഉപനിഷത്തിലെ പരാമര്‍ശം അനുസരിച്ച് മധുവിദ്യയുടെ ഉപജ്ഞാതാവായ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് .
പിതൃ മോക്ഷത്തിനായി ഭഗീരഥന്‍ ആകാശ ഗംഗയെ ഭൂമിയില്‍ കൊണ്ട് വന്നത്,ഭഗവാൻ ശ്രീ വിഷ്ണു കൂര്‍മ്മാവതാരം സ്വീകരിച്ചത്, സ്വച്ഛന്ദമൃത്യുവായ ഭീഷ്മ പിതാമഹൻ മരണത്തെ പുല്‍കിയത് ഈ ഉത്തരായനകാലത്തിലാണ്. മരിക്കാന്‍ പോലും ഉത്തരായന കാലമാണ് നല്ലതെന്നു ഭീഷ്മർ നമുക്ക് കാട്ടിത്തന്നു. ഭാരത യുദ്ധത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിക്കാന്‍ കൂട്ടാക്കാതെ ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം ശരശയ്യയില്‍ കിടന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ. തീർത്തും ശുഭകാലമായ ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണ് വിശ്വാസം.
പകല്‍ അധികമുള്ള കാലമാണിത് എന്ന് നേരത്തെ പറഞ്ഞല്ലോ. അതിനാൽ കർമ്മ കാണ്ഡത്തിന്റെ കാലവുമാണിത്. കര്‍മ സാക്ഷിയായ സൂര്യ ദേവനെ മാതൃകയാക്കി കുടുതല്‍ നല്ല കര്‍മങ്ങള്‍ അനുഷ്ടിക്കാന്‍ ഈ സംക്രമം നമ്മെ പ്രേരിപ്പിക്കുന്നു.
ഏതാണ്ട് അഞ്ഞൂറ് വർഷത്തെ വനവാസം വെടിഞ്ഞു ശ്രീരാമ ഭഗവാൻ തന്റെ സ്വഗേഹത്തിലേക്ക് തിരിച്ചെത്തുന്നതും ഈ ഉത്തരായന കാലത്തിലാണ് എന്നത് വിശ്വാസികളെ ആനന്ദിപ്പിക്കുന്നു. എല്ലാ വിശ്വാസികൾക്കും ഉത്തരായനകാലത്ത് നൈഷ്ഠികമായ ഒരു ആദ്ധ്യാത്മിക ജീവിതം ആശംസിക്കുന്നു.















