ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 100 വേദികളിൽ 2,500 നാടോടി കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും. പ്രാണപ്രതിഷ്ഠാ ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് സർക്കാരും ക്ഷേത്ര ട്രസ്റ്റും ചേർന്ന് നടത്തുന്നത്.
ജനുവരി 14 മുതൽ മാർച്ച് 24 വരെ 70 ദിവസങ്ങളിൽ നടക്കുന്ന പരിപാടികളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള 5,000 കലാകാരന്മാരുടെ പരിപാടികൾ അവതരിപ്പിക്കും. 15 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ രാംലീല അവതരിപ്പിക്കും. അയോദ്ധ്യയിലെ 10 ഇടങ്ങളിലായാണ് വിപുലമായ പരിപാടികൾ നടക്കുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ അതിഥികളെയും സ്വാഗതം ചെയ്യുന്നതിനും ആദരിക്കുന്നതിനുമായി വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് നടത്തിയിട്ടുള്ളത്. പുണ്യഭൂമിയിലെ മണ്ണ് ഉൾപ്പടെ അതിഥികൾക്ക് സമ്മാനിക്കും. പവിത്രമായ മണ്ണ് പെട്ടികളിൽ നിറച്ച് ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് സമർപ്പിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും അതിമനോഹരമായ സമ്മാനങ്ങൾ നൽകുമെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.















