ന്യൂഡൽഹി : പുതുവത്സര ദിനത്തിൽ ഡൽഹി മെട്രോയിൽ യാത്ര ചെയ്തത് 67 ലക്ഷത്തിലധികം പേർ . 6 വർഷത്തിനുള്ളിൽ ഇതാദ്യമായാണ് യാത്രക്കാരുടെ എണ്ണം ഇത്രയേറെ വർദ്ധിക്കുന്നതെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ശനിയാഴ്ച പുറത്തുവിട്ട ഡിഎംആർസി കണക്കുകൾ പ്രകാരം ജനുവരി ഒന്നിന് ആകെ 67.47 ലക്ഷം യാത്രക്കാർ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തി.
കഴിഞ്ഞ വർഷം ജനുവരി ഒന്നിന് 49.16 ലക്ഷം പേരും 2022ൽ 23.66 ലക്ഷവും 2020ൽ 55.26 ലക്ഷവും 2019ൽ 50.16 ലക്ഷവും മെട്രോ റെയിൽ ഉപയോഗിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ്-19 ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യത്തെ പുതുവത്സര ആഘോഷം നടന്ന 2021 ജനുവരി ഒന്നിനാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത് . 18.07 ലക്ഷമായിരുന്നു അന്നത്തെ യാത്രക്കാർ.
കഴിഞ്ഞ വർഷം ഡിസംബർ 31ന് 48.46 ലക്ഷം പേർ മെട്രോ സൗകര്യം പ്രയോജനപ്പെടുത്തി. 2019 ഡിസംബർ 31 ന് 55.29 ലക്ഷം പേർ മെട്രോയിൽ യാത്ര ചെയ്തു. അടുത്തിടെ, ഡിഎംആർസി അതിന്റെ ടിക്കറ്റിംഗ് സേവനം ‘വൺ ഡൽഹി’ മൊബൈൽ ആപ്ലിക്കേഷനുമായി സംയോജിപ്പിച്ച് യാത്രക്കാർക്ക് മികച്ച സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.















