ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിൽ സ്വച്ഛത അഭിയാൻ ക്യാമ്പെയ്നിന് ഇന്ന് തുടക്കം കുറിച്ചു. കാമ്പെയിനിന്റെ ഭാഗമായി ജനുവരി 22 വരെ രാജ്യത്തുടനീളമുള്ള എല്ലാ ആരാധനാലയങ്ങളിലും ശുചീകരണ യജ്ഞം നടക്കും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിധ്യത്തിലാണ് രാജ്യതലസ്ഥാനത്ത് ക്യാമ്പെയ്ൻ ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം ജനുവരി 14 മുതൽ ജനുവരി 22 വരെ എല്ലാ ആരാധനായങ്ങളിലും ശുചീകരണം നടത്തുമെന്ന് ജെപി നദ്ദ പറഞ്ഞു. സ്വച്ഛതാ അഭിയാൻ ക്യാമ്പെയ്നിന്റെ ഭാഗമായി ഡൽഹിയിലെ ഗുരു രവിദാസ് മന്ദിറിൽ നടന്ന ശുചീകരണ യജ്ഞത്തിൽ നദ്ദ പങ്കെടുത്തിരുന്നു.
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും സ്വച്ഛത അഭിയാൻ ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു. അയോദ്ധ്യയിൽ നടന്ന ശുചീകരണ യജ്ഞത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മുഖ്യാതിഥിയായി.















