അമൃത് ഭാരത് പദ്ധതിയിൽ മുഖം മിനുക്കാൻ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ 10 റെയിൽവേ സ്റ്റേഷനുകൾ. 3,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇതിനായി ചെലവിടുന്നത്. നാല് വർഷം കൊണ്ടാകും നവീകരണ പ്രവർത്തനങ്ങൾ നടത്തുക.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനായി 470 കോടി രൂപ, വർക്കല-130 കോടി രൂപ, കൊല്ലം -367 കോടി രൂപ, കോഴിക്കോട് -472 കോടി രൂപ, എറണാകുളം ജംഗ്ഷനിൽ 444 കോടി രൂപയും ടൗൺ സ്റ്റേഷനായി 226 കോടി രൂപയും ചെലവഴിക്കും. എറണാകുളം ജംഗ്ഷൻ, ടൗൺ, മംഗളൂരു, കന്യാകുമാരി സ്റ്റേഷനുകളിൽ ജോലികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം സ്റ്റേഷന്റെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്. തൃശൂർ, ചെങ്ങന്നൂർ സ്റ്റേഷനുകൾ നവീകരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിംഗ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ തുടങ്ങിയവയാണ് ആധുനികവത്കരിക്കുന്നത്.
സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാർ, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകൾ തിരഞ്ഞെടുത്തത്. നേരത്തെ ദക്ഷിണ റെയിൽവേയിൽ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപ റെയിൽവേ മാറ്റിവച്ചിരുന്നു.