ശാസ്ത്രത്തെ ആഘോഷമാക്കാൻ തലസ്ഥാനം. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ, അമ്യൂസിയം ആര്‍ട്‌സയന്‍സ്, ഇസ്രോ എന്നീ സംഘടനകൾ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്‌ക്ക് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം അഞ്ചിന് പരിപാടി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിലാണ് ഫെസ്റ്റിവൽ നടക്കുക. ഒരു മാസക്കാലം ശാസ്ത്ര ലോകത്തെ വിസ്മയ കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാം.
25 ഏക്കർ വിസ്തൃതിയിൽ രണ്ടര ലക്ഷം ചതുരശ്രയടി വരുന്ന 18 പവിലയനുകളിലായി 51 അതിശയ കാഴ്ചകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏഷ്യയിലെ തന്നെ ഏറ്റവും വലുതും ആദ്യത്തേതുമാണ് ഈ ഫെസ്റ്റിവൽ. എട്ട് മണിക്കൂർ സമയമെടുത്ത് മാത്രമാണ് പ്രദർശനം മുഴുവനായി കണ്ടുതീർക്കാൻ സാധിക്കൂ.
രണ്ട് ദിവസങ്ങളിലായി കണ്ടു തീർക്കാനുള്ള അവസരവും സംഘാടകർ നൽകുന്നുണ്ട്. ഇതിനായി 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. പത്ത് വയസിൽ താഴെയുള്ളവർക്ക് പ്രദർശനം കാണാൻ ടിക്കറ്റ് എടുക്കേണ്ടതില്ല. 18 വയസ് വരെയുള്ളവർ ഒരു ദിവസത്തേക്ക് 150 രൂപയും രണ്ട് ദിവസത്തേക്ക് 250 രൂപയുാമണ് ടിക്കറ്റ് നിരക്ക്. സ്കൂളിൽ നിന്നും സംഘമായെത്തുന്നവർക്ക് പ്രത്യേക പാക്കേജും ലഭ്യമാണ്. 30 വിദ്യാർത്ഥികളിൽ കുറയരുത്. താമസവും മൂന്ന് നേരത്തെ ആഹാരവും ചേർന്നുള്ള പ്രത്യേക പാക്കേജുകളും ലഭ്യമാണ്.
ശാസ്ത്രത്തിന്റെ സഹായത്തോടെ മനസിലാക്കിയിട്ടുള്ള അറിവുകളുടെ വിപുലമായ മാതൃകകളാണ് ഓരോ പവിലിയനിലും കാത്തിരിക്കുന്നത്. എആർ, വിആർ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാകും ഓരോ പവിലിയനും സന്ദർശകരെ വരവേൽക്കുക. ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായ നൈറ്റ് സ്കൈ വാച്ചിംഗ് ആൻഡ് ടെൻഡിംഗ് 20-ന് ആരംഭിക്കും. മുൻ നിശ്ചയിച്ച പ്രകാരമായിരിക്കും ഇതുണ്ടാവുക.