എറണാകുളം: സീറോ മലബാർ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ഏകീകൃത കുർബാനയർപ്പിക്കാൻ സിനഡ് നിർദ്ദേശം. എറണാകുളം – അങ്കമാലി അതിരൂപതയ്‌ക്കും സിനഡ് നിർദ്ദേശം ബാധകമാണ്. പുതിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ കൂടിയ ആദ്യ സിനഡിലാണ് ഇക്കാര്യം തീരുമാനമായത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആറുമാസത്തെ സമയം കൂടി വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നെങ്കിലും ഏകീകൃത കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്ന് സിനഡ് തീരുമാനിക്കുകയായിരുന്നു. മാർപ്പാപ്പയുടെ തീരുമാനം നടപ്പാക്കണമെന്നും സിനഡ് വിശ്വാസികളോട് നിർദ്ദേശിച്ചു. അടുത്ത ഞായറാഴ്ച ദേവാലയങ്ങളിൽ നടക്കുന്ന കുർബാനയിൽ സിനഡ് സർക്കുലർ വായിക്കും.
കഴിഞ്ഞ ഡിസംബറിൽ എറണാകുളം, അങ്കമാലി അതിരൂപതയിൽ സംഘർഷം അവസാനിപ്പിക്കണമെന്നും ക്രിസ്മസ് ദിനത്തിൽ സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്നും മാർപ്പാപ്പ നിർദ്ദേശിച്ചിരുന്നു. വത്തിക്കാനും മാർപാപ്പയും എന്തു ചിന്തിക്കുന്നു എന്ന സംശയത്തിന് ഇടവരാതിരിക്കാനാണു വീഡിയോ സന്ദേശം നൽകുന്നത് എന്ന് വ്യക്തമാക്കിയാണു സിനഡ് കുർബാനയ്‌ക്കു വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തത്.















