പത്തനംതിട്ട: പമ്പയിൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തി. മകരജ്യോതി ദർശനത്തിന് ശേഷം മാത്രമാണ് ഇനി ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. രാവിലെ സന്നിധാനത്തേക്കുള്ള ഭക്തരുടെ പ്രവേശനം തടഞ്ഞിരിക്കുകയാണ്.
പമ്പയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നിലക്കലിൽ ഭക്തർ തടിച്ചുകൂടുകയാണ്. പമ്പയിലെ നടപ്പന്തലിൽ നിന്നുള്ള പ്രവേശന കവാടവും അടച്ചു. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള എല്ലാ ഭാഗങ്ങളിലും പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പുലർച്ചെ 2.46-നായിരുന്നു മകരസംക്രമം. മകരസംക്രമ സന്ധ്യയിൽ അയ്യന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകുന്നേരം 5.30-ഓടെ ശരംകുത്തിയിലെത്തും. വൈകുന്നേരം 6.30-ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയത്താണ് മകരജോതി തെളിയുന്നത്.















