കാമുകിക്ക് വേണ്ടി പരീക്ഷയെഴുതാൻ ആൾമാറാട്ടം നടത്തി പരീക്ഷ കേന്ദ്രത്തിലെത്തിയ യുവാവ് കുടുങ്ങി. സിനിമ കഥകളെ വെല്ലുന്ന തരത്തിലായിരുന്നു പഞ്ചാബുകാരനായ അഗ്രേസ് സിംഗിന്റെ തയാറെടുപ്പുകൾ. ബാബ ഫരിദ് യുണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് ജനുവരി ഏഴിന് നടത്തിയ മൾട്ടി ടാസ്ക് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനാണ് ഇയാൾ പതിനെട്ടടവും പയറ്റി എത്തിയത്. കൊട്കാപുരയിലെ ഡിഎവി സ്കൂളിലെ പരീക്ഷ കേന്ദ്രത്തിലായിരുന്നു ഇയാളുടെ എൻട്രി.
കാമുകിയായ പ്രേംജീത് കൗറിന് വേണ്ടി വലിയൊരു മുന്നൊരുക്കമാണ് യുവാവ് നടത്തിയത്. മീശയും താടിയും വടിച്ച്, ലിപ്സ്റ്റിക്കുമിട്ട് വളകളും ധരിച്ച് സ്ത്രീ വേഷത്തിലാണ് ഇയാൾ കേന്ദ്രത്തിലെത്തിയത്. ആധാറും വോട്ടർ ഐഡിയും വ്യാജമായി നിർമ്മിക്കാനും ഇയാൾ മറന്നില്ല. എന്നാൽ ഇത്രയും തയാറെടുപ്പുകൾ നടത്തിയിട്ടും പിടിക്കപ്പെടാനായിരുന്നു അഗ്രേസ് സിംഗിന്റെ വിധി
ബയോമെട്രിക് ഉപകരണമാണ് ഇയാൾക്ക് പണികൊടുത്തത്. വിരലടയാള പരിശോധനയിൽ കുടുങ്ങിയതോടെ പ്രേംജീത്ത് കൗറിന്റെ അപര അധികൃതർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. പിന്നാലെ ഇയാളെ പോലീസിന് കൈമാറി. പ്രേംജീത്ത് കൗറിന്റെ അപേക്ഷയും ഇതോടെ അധികൃതർ തള്ളി.