പത്തനംതിട്ട : നടന്‍ ദിലീപ് ശബരിമലയില്‍ സന്നിധാനത്ത് ദര്‍ശനം നടത്തി. കറുപ്പുടുത്ത് സന്നിധാനത്ത് നിൽക്കുന്ന ദിലീപിന്റെ ചിത്രങ്ങളും -പുറത്ത് വന്നിട്ടുണ്ട് . സംവിധായകനും നയന്‍താരയുടെ ഭര്‍ത്താവുമായ വിഘ്നേഷ് ശിവനും ശബരിമലയില്‍ എത്തി, അയ്യപ്പദര്‍ശനം നടത്തി. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇരുവരും ദര്‍ശനം നടത്തിയത്.
അതേസമയം ഇന്ന് മകരജ്യോതി ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങളാണ് ശബരിമലയിൽ ഉള്ളത് . പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണം ആറുമണിയോടെ സന്നിധാനത്തെത്തും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പൊന്നമ്പലമേട്ടില്‍ മകരവിളക്കും കണ്ടുതൊഴാനുള്ള കാത്തിരിപ്പിലാണ് ഭക്തർ.
മകരജ്യോതി ദർശനത്തിനു ശേഷം പുല്ലുമേട്ടിൽ നിന്നു സന്നിധാനത്തേക്ക് പോകാൻ അനുവദിക്കില്ല. നിലവില്‍ സന്നിധാനപരിസരത്ത് ഒന്നരലക്ഷത്തിലധികം ഭക്തർ ഉണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമുമ്പ് പമ്പ കടന്നുപോയ ഭക്തര്‍ അടക്കം മകരവിളക്ക് ദര്‍ശനസമയത്ത് സന്നിധാന മേഖലയിലിയിലുണ്ടാവുന്നവരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തോളമാകും.