പത്തനംതിട്ട: ഭക്തലക്ഷങ്ങളുടെ കണ്ണും മനസും ഒരുപോലെ നിറച്ച് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. മൂന്ന് തവണ പൊന്നമ്പലമേട്ടിൽ മകരജ്യോതി ജ്വലിച്ചപ്പോൾ ശരണം വിളികളാൽ സന്നിധാനം മുഖരിതമായി. സന്നിധാനത്തിൽ അലയടിച്ചത് ഒരൊറ്റ മന്ത്രം, ഒരൊറ്റ നാമം, സ്വാമിയേ ശരണമയ്യപ്പ.
വൈകിട്ട് ആറരയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തി. ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവർത്തകരും ചേർന്ന് ഘോഷയാത്ര സ്വീകരിച്ചു. പതിനെട്ടാം പടി കയറി സോപാനത്തിൽ എത്തിയതോടെ തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി. അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി.
6:45- ഓടെ ശ്രീകോവിലിന്റെ നട തുറന്നു. ശ്രീകോവിൽ തുറന്ന് അയ്യനെ ദർശിച്ചതിനു ശേഷം മകരജ്യോതി തെളിയുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ഭക്തർ. മകരജ്യോതി ദർശിക്കാനായി എത്തിയ അയ്യപ്പ ഭക്തർക്ക് വൻ സുക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. 6.50- ഓടെ സന്നിധാനത്തെ ശരണം വിളികളാൽ മുഖരിതമാക്കി മകരജ്യോതി തെളിഞ്ഞു. മകരജ്യോതി ദർശിക്കാനായി 10 വ്യൂ പോയിന്റുകളായിരുന്നു ഒരുക്കിയിരുന്നത്. ഒന്നര ലക്ഷത്തിലധികം ഭക്തജനങ്ങൾ മകരജ്യോതി ദർശിക്കാനായി സന്നിധാനത്തെത്തിയെന്നാണ് വിലയിരുത്തൽ. ഇതിനുപുറമെ മറ്റിടങ്ങളിലും പതിനായിരകണക്കിനു പേരാണ് മകരജ്യോതി ദർശിച്ചത്.















