പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തിയ ആന്ധ്രയിലെ ലേപക്ഷി ക്ഷേത്രം, ഭാരതത്തിന്റെ തനത് വാസ്തുവിദ്യ പാരമ്പര്യത്തിന്റെ മകുടോദാഹരണമാണ്. എഞ്ചിനിയറിംഗ് രംഗം ബഹുദൂരം മുന്നേറി എന്നു പറയുമ്പോഴും ക്ഷേത്ര മേൽക്കൂരയിൽ തൂങ്ങി നിൽക്കുന്ന കരിങ്കൽ സ്തംഭത്തിന് പിന്നിലെ നിർമാണ രഹസ്യം കണ്ടെത്താൻ ആധുനിക ലോകത്തിന് സാധിച്ചിട്ടില്ല. ലേപാക്ഷി ക്ഷേത്രത്തിലെ തൂക്കുസ്തംഭം ഇന്നും നിഗുഢമായി തന്നെ തുടരുന്നു. സത്യസായി ജില്ലയിൽ ലേപാക്ഷി പട്ടണത്തിന്റെ തെക്ക് വശത്തായി, ഒരു വലിയ കരിങ്കൽ പാറയുടെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടിന് ആമയുടെ ആകൃതിയായതിനാൽ കൂർമ്മ സൈല എന്നും ഇവിടം അറിയപ്പെടുന്നു.
വിജയനഗര സാമ്രാജ്യവും അച്യുത ദേവരായരും
വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരിയായ അച്യുത ദേവരായരുടെ കാലത്താണ് ക്ഷേത്രം നിർമിച്ചത്. 1530 നും 1545 നും ഇടയിലാണ് നിർമാണം നടന്നതെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. അച്യുത ദേവരായരുടെ ഗവർണർമാരായ വിരുപ്പണ്ണ- വീരണ്ണ സഹോദരന്മാരാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. വിജയനഗര സാമ്രാജ്യത്തിലെ പ്രശസ്ത ഭരണാധികാരിയായ കൃഷ്ണ ദേവരായരുടെ സഹോദരനാണ് അച്യുതദേവരായർ.
വീർഭദ്രക്ഷേത്രം എന്നും അറിയപ്പെടുന്ന ലേപക്ഷി ക്ഷേത്രം വാസ്തുവിദ്യയുടേയും എഞ്ചിനീയറിംഗ് വിസ്മയത്തിന്റെയും മകുടോദഹരണമാണ്. പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ലേപാക്ഷി ക്ഷേത്രം ശിവന്റെ ഉഗ്രവതാരമായ വീരഭദ്രയ്‌ക്കായാണ് സമർപ്പിച്ചിരിക്കുന്നു. മഹാവിഷ്ണു, പാപ വിനാശേശ്വരൻ, പാർവതി, ഭദ്രകാളി, ഹനുമലിംഗ, രഘുനാഥ, രാമലിംഗ, സായനാഗർ എന്നിവരും ഇവിടത്തെ ആരാധനമൂർത്തികളാണ്. ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വീരഭദ്രന്റെ പ്രതിഷ്ഠ ജീവിത വലുപ്പത്തിലുള്ളതാണ്. പൂർണ്ണ ആയുധധാരിയെന്ന പ്രത്യേകതയും പ്രതിഷ്ഠയ്‌ക്കുണ്ട്.

ശ്രീരാമനും ജഡായുവും ലേ പക്ഷിയും
അസുര ചക്രവർത്തിയായ രാവണൻ സീതദേവീയെ അപഹരിച്ചതുമായി ബന്ധപ്പെട്ടാണ് ലേപക്ഷി ക്ഷേത്രത്തിന്റെ ഐതിഹ്യം. ശ്രീരാമനും ലക്ഷ്മണനും സീതദേവിയെ തിരയുന്നതിനിടയിൽ പാറയിൽ മുറിവേറ്റ നിലയിൽ ജടായുവിനെ കണ്ടു. സീത മാതാവിനെ രാവണനിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ജഡായു മുറിവേറ്റ് പാറക്കെട്ടിന് മുകളിൽ വന്ന് വീണത്. സീതയെ അന്വേഷിച്ച് നടന്ന ശ്രീരാമനോട് ജഡായു മുഴുവൻ സംഭവവും വിവരിക്കുകയും രാവണൻ സീതാമാതാവിനെ കൂടെക്കൊണ്ടുപോയ ദിശയിലേക്ക് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇത് പറഞ്ഞ ഉടനെ ജടായു മൃതിയടഞ്ഞു. ഇത് കണ്ട ശ്രീരാമ ഭഗവാൻ ജടായുവിന്റെ മോക്ഷ പ്രാപ്തിക്കായി ലേ പക്ഷി’ എന്ന് ഉച്ചരിച്ചു. പ്രാദേശിക ഭാഷയായ തെലുങ്കിൽ ലേ പക്ഷി എന്നാൽ ‘എഴുന്നേൽക്കുക, പക്ഷി’ എന്നാണ് അർത്ഥമാക്കുന്നത്. അതിൽ നിന്നാണ് ഈ ഗ്രാമത്തിന് ലേപക്ഷി എന്ന പേര് ലഭിച്ചത്.
ഭീമാകാരമായ പാറയുടെ മുകളിൽ സീതാദേവിയുടെ കാൽപാദം പതിച്ച ഇടത്ത് ഇന്നും വിശാലമായ പാദമുദ്ര കാണാം. സീതയെ തട്ടിക്കൊണ്ടുപോയതിന് ശേഷം മഴ പെയ്യാൻ തുടങ്ങിയെന്നും ശ്രീരാമൻ വരുന്നത് വരെ ജടായുവിന്റെ ജീവൻ നിലനിർത്തിയത് പാദമുദ്രയിൽ ശേഖരിച്ച ജലമായിരുന്നുവെന്നാണ് ഐതിഹ്യം.

അന്ധമായ കണ്ണുകളുടെ ഗ്രാമം
ഗ്രാമത്തിന് ആ പേര് വന്നതിന് പിന്നിൽ മറ്റൊരു കഥയുണ്ട്. അത് ക്ഷേത്രം നിർമിച്ച സഹോദരൻമാരുമായി ബന്ധപ്പെട്ടതാണ് സഹോദരൻമാർ രാജാവുമായി ആലോചിക്കാതെ ക്ഷത്ര നിർമാണത്തിനായി രാജഭണ്ഡാരം ഉപയോഗിക്കുകയും, ഇതറിഞ്ഞ രാജാവ് വീരണ്ണയുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കാൻ ഉത്തരവിടുകയും ചെയ്തു. അച്യുത ദേവരായരുടെ വിധിയിൽ അസ്വസ്ഥനായ വീരണ്ണൻ സ്വന്തം കണ്ണുകൾ ചൂഴ്‌ന്നെടുത്ത് ക്ഷേത്രമതിലിൽ വെച്ചു. ക്ഷേത്രത്തിന്റെ ചുമരിലെ രണ്ട് ചുവന്ന പാടുകൾ വീരണ്ണയുടെ കണ്ണുകളുടെ രക്തക്കറയാണെന്ന് പറയപ്പെടുന്നു. അതിനാൽ, ‘അന്ധമായ കണ്ണിന്റെ ഗ്രാമം’ എന്നതിൽ നിന്നാണ് ലേപക്ഷി എന്ന പേര് ലഭിച്ചതെന്നും ഐതിഹ്യമുണ്ട്.
നന്ദി ഒരു വാസ്തുവിദ്യാ വിസ്മയം
ലേപക്ഷി ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ഒരു ഗ്രാനൈറ്റ് കല്ലിൽ വെട്ടിയെടുത്ത നന്ദിയുടെ ഏകശിലാ വിഗ്രഹം. ഏകദേശം 4.5 മീറ്റർ ഉയരത്തിൽ വിഗ്രഹത്തിന്റെ അതിഗംഭീരമായ കൊത്തുപണികൾ ആരെയും ആകർഷിക്കുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നന്ദി വിഗ്രഹമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ശ്രീ വീരഭദ്ര ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന ശിവലിംഗത്തിന് അഭിമുഖമായാണ് നന്ദിയുടെ സ്ഥാനം.
100 തൂണുകളുള്ള നാട്യ മണ്ഡപം,അർദ്ധ മണ്ഡപവും ശ്രീകോവിലും പിന്നെ കല്യാണമണ്ഡപം എന്നിങ്ങനെ ക്ഷേത്രത്തിനെ പ്രധാനമായും മൂന്ന് മേഖലകളായി തിരിക്കാം. മനോഹരമായ ചുവർചിത്രങ്ങളാണ് ലേപാക്ഷി ക്ഷേത്രത്തിന്റെ പ്രത്യേകത. നാട്യമണ്ഡപത്തിന്റെയും അർദ്ധ മണ്ഡപത്തിന്റെയും മേൽത്തട്ടിൽ മഹാഭാരതം, രാമായണം, പുരാണങ്ങൾ എന്നിവയിലെ രംഗങ്ങൾ കൊത്തിയെടുത്തിട്ടുണ്ട്. വിജയനഗര കാലഘട്ടത്തിൽ ചുവർചിത്രങ്ങളുളള ഏകക്ഷേത്രം കൂടിയാണ് ലേപക്ഷി.

പണിതീരാത്ത കല്യാണമണ്ഡപം
മേൽക്കൂരയില്ലാത്ത കല്യാണമണ്ഡപത്തിൽ സങ്കീർണ്ണമായ കൊത്തുപണികളുള്ള 38 തൂണുകൾ ഉണ്ട്. ശിവനും പാർവതിയും കൈലാസ പർവതത്തിലേക്ക് പോകുന്നതിന് മുമ്പ് ഈ മണ്ഡപത്തിൽ വിവാഹിതരായി എന്ന് വിശ്വസിക്കപ്പെടുന്നു. ഈ മനോഹരമായ മണ്ഡപത്തിലെ കൊത്തുപണികൾ ശിവന്റെയും പാർവതിയുടെയും വിവാഹ ചടങ്ങുകളെ ചിത്രീകരിക്കുന്നു. വിഷ്ണു, യമരാജൻ, സ്വർഗ്ഗത്തിൽ നിന്നുള്ള നിരവധി ദേവന്മാർ, സന്യാസിമാർ എന്നിവരുടെ രൂപങ്ങൾ കല്യാണ മണ്ഡപത്തിലെ തൂണുകളിൽ കൊത്തിയെടുത്തിട്ടുണ്ട്.
തൂങ്ങിക്കിടക്കുന്ന തൂണിന്റെ നിഗൂഢത
ക്ഷേത്രത്തിൽ പ്രധാനമായും 70 കരിങ്കൽ സ്തംഭങ്ങളാണുള്ളത്. ഇവയിൽ ഒരു സ്തംഭം തറയിൽ ഉറപ്പിക്കാതെ മേൽക്കൂരയിൽ തൂങ്ങിയാണ് നിൽക്കുന്നത്. ഇന്നും നേർത്ത വസ്തുക്കൾക്ക് അതിന്റെ അടിയിലൂടെ കടന്നുപോകാൻ കഴിയും വിധമാണ് ഇതിന്റെ നിർമാണം. നൂറ്റാണ്ടുകളായി സിവിൽ എഞ്ചിനിയർമാർ ഇതിന്റെ രഹസ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ്. മുൻപ് ബ്രിട്ടീഷ് ഭരണകാലത്ത് ഒരു ബ്രിട്ടീഷ് സിവിൽ എഞ്ചിനീയർ ഇതിനുള്ള ശ്രമം നടത്തിയത് ശേഷം സ്തംഭത്തിന്റെ സ്ഥാനത്തിന് അൽപം വ്യതിചലനമുണ്ടായതായി പറയപ്പെടുന്നു. ഈ സ്തംഭമാണ് ക്ഷേത്രത്തിന്റെ പ്രധാന ഘടനയുടെ ഭാരം താങ്ങിനിൽക്കുന്നതെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഏഴ് നൂറ്റാണ്ട് മുൻപ് ഇത് ഏങ്ങനെ സാധിച്ചുവെന്ന് കണ്ടെത്താനോ വിശദീകരിക്കാനെ ആധുനിയ എഞ്ചിനിയറിംഗ് രംഗത്തിനായിട്ടില്ല.

യുനസ്‌കോ പൈതൃക പട്ടികയിൽ
ക്ഷേത്രത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്ത് യുനസ്‌കോയുടെ പൈതൃകപട്ടികയിൽ ലേപക്ഷി വിരഭദ്ര ക്ഷേത്രം ഇടം പിടിച്ചിട്ടുണ്ട്.















