കൊച്ചി : പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാമനാമം ചൊല്ലണമെന്ന് അഭ്യർത്ഥിച്ച ഗായിക കെ എസ് ചിത്രയെ പിന്തുണച്ച് സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി .
‘ ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെതിരായി സംസാരിക്കുന്നവരെയെല്ലാം ചീത്ത വിളിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സ്വന്തം അഭിപ്രായം പറയാനുള്ള മൗലിക അവകാശം ഓരോ പൗരനും ഉണ്ട്. ശ്രീരാമനെ ആരാധിക്കുന്നയാളാണ് ചിത്ര . വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പ് . എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് .
ഞാന്‍ എന്‍റെ കുട്ടിക്കാലത്ത് സന്ധ്യക്ക് രാമ രാമ പാഹിമാം, രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്ന് പാടിയിട്ടുണ്ട്. അത് സംസ്കാരത്തില്‍ ഉള്‍പ്പെട്ടകാര്യമാണ്. അതുകൊണ്ട് രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറഞ്ഞതിന് അതില്‍ ഇത്ര എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യം എന്താണ്?
എംടി വാസുദേവന്‍ നായര്‍ മലയാളത്തിന്‍റെ തലമുതിര്‍ന്ന എഴുത്തുകാരനാണ്. അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. പലരും അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞു.എന്നാല്‍, ആരും എം.ടിയെ ചീത്ത പറഞ്ഞില്ല. എന്നാല്‍, ചിത്ര അഭിപ്രായം പറയുന്നതിന് ചീത്ത വിളിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.
ശ്രീരാമന്‍ ഭാരതത്തിലെ എല്ലാവരുടെയുമാണ്. വാത്മീകിയുടെ രാമായണത്തിലെ നായകനാണ് ശ്രീരാമന്‍, അങ്ങനെയുള്ള നായകനാണ് ശ്രീകൃഷ്ണന്‍. അങ്ങനെയുള്ള നായകൻമാരെയാണ് നാം ആരാധിച്ചുവന്നിരുന്നത്. അങ്ങനെ ഒരു അഭിപ്രായം പറഞ്ഞ ചിത്രയെ എല്ലാവരും ശകാരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ യോജിക്കേണ്ടതില്ല .അതിന് ചീത്ത വിളിക്കുന്നത് എന്തിനാണ്? – ശ്രീകുമാരൻ തമ്പി പറഞ്ഞു.















