തിരുവനന്തപുരം: വെള്ളറടയിലെ നിയമവിരുദ്ധ ക്വാറി പ്രവർത്തനം നിർത്തിവെപ്പിച്ചു. പോലീസ് സുരക്ഷയിൽ അസിസ്റ്റന്റ് തഹസിൽദാറെത്തിയാണ് ക്വാറി പൂട്ടിയത്. സംഭവത്തിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും വിധി നടപ്പിലാക്കാൻ പോലീസ് തയാറായിരുന്നില്ല.
ഈ മാസം എട്ടിനാണ് വെള്ളറടയിലെ ആദിവാസി ഭൂമിയിലെ പാറമടകൾക്കെതിരെ സുപ്രീംകോടതി ഇടപെട്ടത്. കേസുകൾ ഉടൻ തന്നെ തീർപ്പാക്കണമെന്ന് ഹൈക്കോടതിയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. ആദിവാസികൾക്ക് പട്ടയം നൽകിയിട്ടുള്ള ഭൂമിയാണെന്നിരിക്കെ വ്യാജ രേഖകളുടെ പിൻബലത്തിലാണ് ക്വാറിയുടെ പ്രവർത്തനം നടന്നിരുന്നത്.
കേസുകൾ ഉടനടി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി ഹൈക്കോടതിയ്‌ക്ക് നിർദ്ദേശം നൽകി.വർഷങ്ങൾക്ക് മുമ്പ് വെള്ളറടയിലെ ഈ പ്രദേശം കാണി വിഭാഗത്തിലുള്ള ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയാണ്. ഇത് കയ്യേറി ക്വാറി പ്രവർത്തിക്കുന്നത് ഭൂ നിയമങ്ങളുടെ ലംഘനമാണ്.