പാകിസ്താനെതിരായ മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി കീവിസ്. ഫിൻ അലന്റെ ഉഗ്രൻ പ്രഹര ശേഷി കണ്ട മത്സരത്തിൽ പാകിസ്താന്റെ ബൗളർമാരെല്ലാം എയറിലായി. അന്താരാഷ്‌ട്ര ടി20 മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് അലൻ ഇന്ന് കുറിച്ചത്. 62 പന്തിൽ 137 റൺസാണ് പാകിസ്താൻ ബൗളർമാരെ പഞ്ഞിക്കിട്ട് കീവിസ് ഓപ്പണർ നേടിയത്. ന്യുസിലൻഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തപ്പോള്‍ പാകിസ്താന് നിശ്ചിത ഓവറിൽ 179 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര കീവിസ് 3 വിജയത്തോടെ സ്വന്തമാക്കുകയായിരുന്നു.
16 സിക്സറുകളാണ് അലന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഹാരിസ് റൗഫ്- ഷഹീൻ ഷാ അഫ്രീദി സഖ്യം എട്ടോവറിൽ വഴങ്ങിയത് 103 റൺസാണ്. അലന്‍-സീഫര്‍ട്ട് സഖ്യമാണ് പാകിസ്താനെ അടിച്ചൊതുക്കിയത്. ടി20യില്‍ ന്യൂസിലന്‍ഡ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ റെക്കോര്‍ഡും അലൻ മറികടന്നു.
ഹാരിസ് റൗഫ് നാലോവറില്‍ 60 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷഹീന്‍ അഫ്രീദി 43 റണ്‍സിന് ഒരു വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ നാലാം ഓവറില്‍ തന്നെ സയ്യിം അയൂബിനെ(10) നഷ്ടമായ പാകിസ്താനായി മുഹമ്മദ് റിസ്‌വാനും (24), ബാബര്‍ അസം (58), മുഹമ്മദ് നവാസും(28), ഫഖര്‍ സമനും (19) പൊരുതിയെങ്കിലും വിജയം കൈപിടിയിലൊതുക്കാനായില്ല.