തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. ഒരു കോടി രൂപ മുടക്കി ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന് പകരം ആ പണത്തിന് നാല് ചെറിയ ഡീസൽ വാഹനങ്ങൾ വാങ്ങാം. ഇലക്ട്രിക് ബസ് വാങ്ങുന്നതിനെ ഇനി പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയുടെ ചെലവ് ചുരുക്കി വരുമാനം വർദ്ധിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നും ജീവനക്കാരുടെ മുഴുവൻ ശമ്പളവും 5-ാം തീയതിക്ക് മുമ്പായി നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും കെബി ഗണേഷ് കുമാർ വ്യക്തമാക്കി. ലാഭകരമല്ലാത്ത റൂട്ടുകൾ വെട്ടിച്ചുരുക്കുമെന്നും സർവ്വീസ് നടത്തുന്ന റൂട്ടുകൾ മോഡിഫൈ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വിഫ്റ്റ് വഴി തന്നെയായിരിക്കും കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങുക. വെയർ ഈസ് മൈ കെഎസ്ആർടിസി എന്ന ആപ്പ് നിർമ്മിച്ചതിന് ശേഷം ബസുകളുടെ തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാകും. കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജമാകും. കെഎസ്ആർടിസി ബസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള പമ്പുകൾ ലാഭത്തിലാണ്. ലീഗൽമെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ ഈ പമ്പുകളിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.















