ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ നാടകീയമായ നീക്കത്തിനൊടുവിലാണ് മുംബൈ ഇന്ത്യൻസ് റാഞ്ചിയത്. രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം ഹാർദിക്കിന് ചുമതലയേൽപ്പിക്കുകയായിരുന്നു. പലവിധ വിശദീകരണങ്ങൾ നൽകിയെങ്കിലും ആരാധകർക്ക് അതു മതിയാവുമായിരുന്നില്ല. ഇപ്പോൾ ഹാർദിക് ടീം വിട്ടതിനെക്കുറിച്ച് ഗുജറാത്ത് താരം ഷമി ചില പരാമർശങ്ങൾ നടത്തിയിരിക്കുകയാണ്. ആരോക്കെ പോയാലും ഇവിടെ ഒന്നും സംഭവിക്കില്ലെന്നാണ് ഷമിയുടെ ഭാഷ്യം.
‘നോക്കൂ… ഇവിടെ നിന്ന് ആരൊക്കെ പോയാലും ഒന്നും സംഭവിക്കില്ല. ടീം സന്തുലിതമാണ് ഇപ്പോഴും. ഹാർദിക് ഇവിടെയുണ്ടായിരുന്നു. ടീമിനെ നയിച്ചു. രണ്ടുതവണ ഫൈനലിലെത്തിച്ചു. എന്നാൽ ഹാർദിക്കിനെ ആജീവനാന്തമായല്ല ഗുജറാത്ത് ടീമിലെത്തിച്ചത്. അത് അദ്ദേഹത്തിന്റെ തീരുമാനമാണ് നിൽക്കണോ പോണോ എന്നുള്ളത്.
ഇപ്പോൾ ഗില്ലിനെ ക്യാപ്റ്റനാക്കി. അദ്ദേഹവും കൂടുതൽ അനുഭവങ്ങൾ നേടും. ഒരുദിവസം ഗില്ലും പോയേക്കാം. അതെല്ലാം ഈ ഗെയിമിന്റെ ഭാഗമാണ്. താരങ്ങൾ വരും പോകും. നിങ്ങൾ ക്യാപ്റ്റനായാൽ ഉത്തരവാദിത്തം കൂടുതലാണ്. അതിനൊപ്പം നിങ്ങളുടെ പ്രകടനവും നോക്കം.”- ഷമി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.