കോട്ടയം: ഏറ്റുമാനൂരിൽ വൈദ്യുതി ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഏറ്റുമാനൂർ കട്ടച്ചിറയ്‌ക്ക് സമീപമായിരുന്നു സംഭവം. ഈരാറ്റുപേട്ട സ്വദേശി പ്രദീപാണ് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവത്തിൽ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് അനുനയിപ്പിച്ച് ഇയാളെ താഴെയിറക്കുകയായിരുന്നു.
പ്രദീപിന്റെ തിരിച്ചറിയൽ രേഖകൾ മോഷണം പോയിരുന്നു. തുടർന്ന് ജീവിക്കണമെങ്കിൽ മന്ത്രിയുടെ ഉറപ്പു വേണമെന്നുമായിരുന്നു യുവാവ് ആവശ്യം ഉന്നയിച്ചത്. വീടില്ലാത്തതിനാലാണ് താൻ ഇത്തരത്തിൽ ചെയ്തതെന്നും വാക്ക് പാലിക്കാത്ത പക്ഷം തനിക്ക് വേറെ മാർഗമില്ലെന്നും യുവാവ് പറഞ്ഞു.
പാലായിൽ നിന്ന് അഗ്നിശമന സേനയും വിവിധ കെഎസ്ഇബി ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരും കെഎസ്ഇബി എഞ്ചിനീയറും കിടങ്ങൂർ പോലീസും സംഭവസ്ഥലത്തെത്തി. മുമ്പും സമാന രീതിയിൽ ആത്മഹത്യാ ശ്രമം നടത്തിയ ആളാണ് പ്രദീപ്.















