എറണാകുളം: ഏകീകൃത കുർബാന തർക്കത്തിൽ വൈദികർക്ക് മുന്നറിയിപ്പുമായി സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മാർപ്പാപ്പയുടെയും വത്തിക്കാന്റെയും നിർദ്ദേശമനുസരിച്ചാകണം സഭയ്‌ക്ക് കീഴിലുള്ള ദേവാലയങ്ങളിൽ കുർബാന അർപ്പണം നടക്കേണ്ടത്. വൈദികർക്ക് തോന്നിയത് പോലെ പള്ളികളിൽ കുർബാന ചൊല്ലാൻ പാടില്ല. കുർബാനയർപ്പണവും ആരാധനാക്രമവും സഭയെ അനുശാസിക്കുന്ന രീതിയിലാകണം. വൈദികരുടെ സമയത്തിന് അനുസരിച്ചല്ല, വിശ്വാസികളുടെ സമയത്തിന് അനുസരിച്ചാകണം ദേവാലയങ്ങളിലെ കുർബാന സമയം ക്രമീകരിക്കേണ്ടതെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ഏകീകൃത കുർബാന വിഷയത്തിൽ സഭ കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല സഭയുടെ ആരാധന ക്രമമെന്നും സഭയ്‌ക്ക് കൃത്യമായ ചട്ടകൂടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീറോ മലബാർ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ഏകീകൃത കുർബാനയർപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം സിനഡ് നിർദ്ദേശിച്ചിരുന്നു. സിനഡ് നിർദ്ദേശം എറണാകുളം- അങ്കമാലി അതിരൂപതയ്‌ക്കും ബാധകമാണ്. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടില്ലിന്റെ നേതൃത്വത്തിൽ കൂടിയ ആദ്യ സിനഡിലാണ് ഇക്കാര്യം തീരുമാനമായത്. ഞായറാഴ്ച ദേവാലയങ്ങളിൽ നടക്കുന്ന കുർബാനയിൽ സിനഡ് സർക്കുലർ വായിക്കും.















