എറണാകുളം: മതനിന്ദയും പ്രവാചക നിന്ദയും ആരോപിച്ച് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിനെ പ്രൊഫ: ടിജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ്ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് സവാദിനെ തിരിച്ചറിഞ്ഞത്. ഇന്ന് ഉച്ചയോട് കൂടിയാണ് എറണാകുളം സബ് ജയിലിൽ തിരിച്ചറിയൽ പരേഡ് നടന്നത്. താൻ ഇര മാത്രമാണെന്നും പൗരൻ എന്ന നിലയിലുള്ള കർത്തവ്യമാണ് നിർവ്വഹിച്ചതെന്നും ടിജെ ജോസഫ് പ്രതികരിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ച് ബാക്കി കാര്യങ്ങൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
13 വർഷമായി ഒളിവിലായിരുന്ന സവാദിനെ കഴിഞ്ഞ ആഴ്ചയായിരുന്നു കണ്ണൂരിൽ നിന്ന് എൻഎഐ പിടികൂടിയത്. സവാദിനെ പിടികൂടിയ വിവരം അറിഞ്ഞപ്പോൾ തന്നെ തന്റെ കൈപ്പത്തി വെട്ടിമാറ്റിയ പ്രതിയെ തിരിച്ചറിയാനാകുമെന്ന് ടിജെ ജോസഫ് പറഞ്ഞിരുന്നു.
ഈ മാസം 10-നാണ് കൊച്ചിയിലെ എൻഐഎയുടെ പ്രത്യേക കോടതി സവാദിനെ 24 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 2010ലായിരുന്നു അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈ സവാദ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിയത്. ചോദ്യ പേപ്പറിൽ മതനിന്ദയും പ്രവാചക നിന്ദയും ആരോപിച്ചായിരുന്നു കൈപ്പത്തി വെട്ടിമാറ്റിയത്. കുറ്റകൃത്യം നടന്ന ജൂലൈ 4-ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ സവാദിനെ പിടികൂടാൻ സാധിച്ചില്ല.