അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് കൃഷ്ണശിലയിൽ കൊത്തിയെടുത്തിരിക്കുന്നത്. വിഗ്രഹത്തിന്റെ മുഖവും ദേഹത്തിന്റെ പകുതിയോളവും തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതായും ഈ ചിത്രത്തിൽ കാണാനാകും.
അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശിൽപി അരുൺ യോഗിരാജ് ആണ് വിഗ്രഹം നിർമിച്ചത്. ഇന്നലെയാണ് ക്ഷേത്രത്തിനുള്ളിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്. 22ാം തിയതിയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്.
പ്രാണ പ്രതിഷ്ഠാദിനം വരെ ക്ഷേത്രത്തിനുള്ളിൽ പ്രത്യേക പൂജകളും നടക്കും. ഔഷധക്കൂട്ടുകൾ, കസ്തൂരി, ധാന്യങ്ങൾ, നെയ്യ് തുടങ്ങിയവ ഉപയോഗിച്ചുള്ള സ്‌നാനവും പ്രത്യേക പൂജകളുമായിരിക്കും ഇന്ന് നടക്കുന്നത്. 121ഓളം ആചാര്യന്മാരാണ് താന്ത്രികവിധി പ്രകാരമുള്ള കർമ്മങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. പ്രാണ പ്രതിഷ്ഠ നടത്തിയതിന് ശേഷം തൊട്ടടുത്ത ദിവസം മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്നാണ് വിവരം.















