ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തെ ക്ഷേത്രങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഡൽഹിയിലെ പശുപതി നാഥ് ക്ഷേത്ര പരിസരം വൃത്തിയാക്കി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സ്വച്ഛ് തീർത്ഥിലെ മറ്റ് അംഗങ്ങളും അദ്ദേഹത്തോടൊപ്പം ശുചീകരണ പരിപാടികളിൽ പങ്കാളികളായി. ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറും അദ്ദേഹത്തെ അനുഗമിച്ചു.
ക്ഷേത്ര പരിസരം വൃത്തിയാക്കിയ ശേഷം അദ്ദേഹം ചുവരുകളിൽ പെയിന്റടിക്കുകയും ചെയ്തു. രാജ്യത്തെ ക്ഷേത്രങ്ങളിൽ ശുചീകരണ യജ്ഞം ജനുവരി ആദ്യവാരം മുതൽ തന്നെ ആരംഭിച്ചിരുന്നു. ഇത് പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22 വരെ തുടരും. കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം നിരവധി മുതിർന്ന ബിജെപി നേതാക്കൾ ഇതുവരെ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
സ്വച്ഛതാ അഭിയാൻ കാമ്പയിനിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്‌ട്രയിലെ നാസിക്കിലുള്ള കലാറാം ക്ഷേത്ര പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.















