ചെന്നൈ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിനും ക്ഷണം. അശ്വിന്റെ ചെന്നൈയിലെ വസതിയിലെത്തി ബിജെപി തമിഴ്നാട് സെക്രട്ടറി എസ് ജി സൂര്യയാണ് ക്ഷണപത്രിക കൈമാറിയത്. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, എംഎസ് ധോണി എന്നിവർക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.
ഈ മാസം 22-നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12: 30: 32 വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് ക്ഷണിക്കുന്ന 7000-ലധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കുക.
ചടങ്ങിന് മുന്നോടിയായി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള രാംലല്ലയുടെ വിഗ്രഹം കഴിഞ്ഞദിവസം അയോദ്ധ്യയിൽ എത്തിച്ചിരുന്നു. മൈസൂരുവിൽ തയ്യാറാക്കിയ വിഗ്രഹം ഘോഷയാത്രയായാണ് അയോദ്ധ്യയിൽ എത്തിച്ചത്. ശേഷം ക്ഷേത്രത്തിനുള്ളിലെ ഗർഭഗൃഹത്തിൽ(ശ്രീകോവിൽ) വിഗ്രഹം സ്ഥാപിച്ചു. മറച്ച നിലയിലുള്ള വിഗ്രഹത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിരുന്നു.















