ചെന്നൈ: ഡിഎംകെ എംഎൽഎയുടെ കുടുംബത്തിനെതിരെ ഗാർഹിക പീഡന പരാതിയുമായി വീട്ടുജോലിക്കാരി രംഗത്ത്. ഐ കരുണാനിധിയുടെ മകൻ ആന്റോ മതിവാണനും മരുമകൾ മർലിനയ്‌ക്കും എതിരെയാണ് ദളിത് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. തമിഴ്‌നാട്ടിലെ കല്ലക്കുറുശ്ശി നിന്നുള്ള 18 കാരിയാണ് ക്രൂരമായ ശാരീരിക ഉപദ്രവം നേരിട്ടത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എവിഡൻസ് എന്ന സംഘടന പുറത്തുവിട്ട വീഡിയോയിലൂടെയാണ് ദുരനുഭവം പുറംലോകമറിഞ്ഞത്.
12-ാം ക്ലാസ് വരെ പഠിച്ച പെൺകുട്ടി, നീറ്റ് പരീക്ഷയ്‌ക്ക് ആവശ്യമായ പണം കണ്ടെത്താനാണ് വീട്ടു ജോലിക്കാരിയായത്. ഒരു ഏജൻസി വഴിയാണ് എംഎൽഎയുടെ മകന്റെ വീട്ടിൽ എത്തിയത്. ചെറിയ ജോലി ചെയ്തില്ലെങ്കിൽ പോലും മുഖത്ത് അടിക്കുകയും സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്യുമെന്ന് പെൺകുട്ടി പറഞ്ഞു. ഒരിക്കൽ ഭക്ഷണം തയ്യാറാക്കാൻ വൈകിയതിന് ഹെയർ സ്ട്രെയ്റ്റനർ ഉപയോഗിച്ച് കൈ പൊള്ളിച്ചു. മരുമകൾ മുടി മുറിച്ച് മാറ്റിയെന്നും എത്ര പരിക്കേറ്റാലും വൈദ്യ സഹായം നൽകാറില്ലെന്നും സംഘടന പങ്കുവെച്ച വീഡിയോയിലൂടെ പെൺകുട്ടി വെളിപ്പെടുത്തി.
600-ൽ 433 മാർക്കോടെ 12-ാം ക്ലാസ് പൂർത്തിയാക്കിയ പെൺകുട്ടിക്ക് 16,000 രൂപ മാസം നൽകാമെന്ന് പറഞ്ഞാണ് ജോലിക്ക് നിയമിച്ചത്. എന്നാൽ നൽകിയത് 5000 രൂപ മാത്രമാണെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.
പൊങ്കൽ അവധിക്ക് ഉളുന്ദൂർപേട്ടയിലുള്ള വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ശരീരത്തിൽ മുറിവുകളുണ്ടെന്ന് കണ്ട വീട്ടുകാർ ഉളുന്ദൂർപേട്ടയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയച്ചത്.
ഡിഎംകെ എംഎൽഎയുടെ മകന്റെ കുടുംബത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്ത് വന്നു. കുറ്റക്കാർക്കെതിരെ അതിക്രമം തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്ന് അദ്ദേഹം എക്‌സിലൂടെ ആവശ്യപ്പെട്ടു.















