ലക്നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വലിയ വിളക്ക് അയോദ്ധ്യയിൽ തെളിയുമെന്ന് ജഗദ്ഗുരു പരമഹംസ് ആചാര്യ. 300 അടി ഉയരമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വിളക്കാണ് അയോദ്ധ്യാ നഗരത്തിൽ തെളിയുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് വിളക്ക് തെളിയിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച മണ്ണും വെള്ളവും ശുദ്ധമായ നെയ്യും ഉപയോഗിച്ചാണ് വിളക്ക് നിർമ്മിച്ചിരിക്കുന്നത്. 1.25 ക്വിന്റൽ പഞ്ഞിയും 21,000 ലിറ്റർ എണ്ണയും ഉപയോഗിച്ചാണ് വിളക്ക് കത്തിക്കുന്നത്.
108 സംഘങ്ങൾ ചേർന്ന് ഒരു വർഷത്തോളമെടുത്താണ് വിളക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
14 വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിനം ജനങ്ങൾ വിളക്ക് കൊളുത്തി ദീപാവലി ആഘോഷിച്ചു. ജനുവരി 22-ന് രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ അന്നത്തെ പോലെ അയോദ്ധ്യയിൽ വീണ്ടുമൊരു ദീപാവലി ആഘോഷം നടക്കാൻ പോവുകയാണ്. ഇന്ന് 500 വർഷത്തെ വനവാസത്തിന് ശേഷമാണ് ശ്രീരാമൻ മടങ്ങിവരുന്നതെന്നും ജഗദ്ഗുരു പരമഹംസ് ആചാര്യ പറഞ്ഞു.















