ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഭീംറാവു അംബേദ്കർ പ്രതിമ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ അനാച്ഛാദനം ചെയ്തു . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 50 പ്രതിമകളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഇതിന് സാമൂഹിക നീതിയുടെ പ്രതിമ എന്ന് പേരിട്ടു.
ഭൂമിയിൽ നിന്ന് 206 അടിയാണ് ഇതിന്റെ ഉയരം. നേരത്തെ 175 അടി ഉയരമുള്ള അംബേദ്കറുടെ പ്രതിമ തെലങ്കാനയിലെ ഏറ്റവും വലിയ പ്രതിമയായി കണക്കാക്കപ്പെട്ടിരുന്നു. ‘ഞങ്ങളുടെ സർക്കാർ വിജയവാഡയിൽ നിർമ്മിച്ച 206 അടി അംബേദ്കറുടെ മഹാശിൽപം സംസ്ഥാനത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെയും പ്രതീകമാണ്.’ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.
404.35 കോടി രൂപയാണ് പ്രതിമ നിർമിക്കാൻ ചെലവഴിച്ചത്. പച്ചപ്പ് നിറഞ്ഞ പാർക്കിൽ 18.81 ഏക്കർ കാമ്പസിലാണ് ഇത് സ്ഥിതിചെയ്യുന്നത്.’മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിലാണ് പ്രതിമ നിർമ്മിച്ചത്. ഏകദേശം 400 ടൺ സ്റ്റീലാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.കാമ്പസിൽ ജലസംഭരണികളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഒരു സംഗീത ജലധാരയും ഇവിടെ നിർമിച്ചിട്ടുണ്ട്.
അംബേദ്കറുടെ ജീവിതം ചിത്രീകരിക്കുന്ന എൽഇഡി സ്‌ക്രീൻ സ്ഥാപിച്ചിട്ടുണ്ട്. 2000 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് സെന്ററും 8,000 ചതുരശ്ര അടി വിസ്തീർണമുള്ള ഫുഡ് കോർട്ടും കുട്ടികളുടെ കളിസ്ഥലവും ഇവിടെ നിർമിച്ചിട്ടുണ്ട്.















