മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി വൻ സ്വർണവേട്ട. കളിപ്പാട്ടത്തിന്റെ റിമോട്ടിൽ ഒളിപ്പിച്ചും ട്രോളി ബാഗിലെ ഷീറ്റുകളിൽ തേച്ച് പിടിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത് ഏകദേശം 55 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്.
ദുബായിൽ നിന്നും എത്തിയ വേങ്ങര സ്വദേശി മുഹമ്മദ് ലുഖുമാനിൽ നിന്നും 50 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. 24 കാരറ്റിന്റെ 796 ഗ്രാം സ്വർണം ഇയാളിൽ നിന്നും പിടിച്ചെടുത്തു. ട്രോളി ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം ചെക്ക് ഇൻ ബാഗേജുകളിൽ സംശയം തോന്നി വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. രണ്ട് ട്രോളി ബാഗുകളിൽ നിന്നായി സ്വർണം തേച്ച് പിടിപ്പിച്ച ഷീറ്റുകളാണ് കണ്ടെത്തിയത്.
അതേസമയം ജിദ്ദയിൽ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി ഷബീബ് അലിയിൽ നിന്നും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. സംശയം തോന്നിയതിനെ തുടർന്ന് കളിപ്പാട്ട റിമോട്ടിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ഇയാളിൽ നിന്നും 79 ഗ്രാം സ്വർണം കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു.















