ഹോ, സർക്കാരേ!! അര നൂറ്റാണ്ട് പഴക്കമുള്ള വീട് 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തി; 41,264 രൂപ സെസ് അടയ്‌ക്കാൻ തൊഴിൽ വകുപ്പിന്റെ നോട്ടീസ്!

Published by
Janam Web Desk

കണ്ണൂർ: വീട് 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയതിന് 41,264 രൂപ സെസ് അടയ്‌ക്കാൻ തൊഴിൽ വകുപ്പിന്റെ നോട്ടീസ്. കണ്ണൂർ കേളകം പഞ്ചായത്തിലെ കർഷകൻ പുതനപ്ര തോമസിനാണ് നോട്ടീസ് ലഭിച്ചത്.

അരനൂറ്റാണ്ട് പഴക്കമുള്ളതാണ് തോമസിന്റെ വീട്. മേൽക്കൂരയിലെ ചോർച്ച കൊണ്ടും പട്ടിക ചിതലരിച്ചത് കൊണ്ടും പത്ത് വർഷം മുൻപ് കുറച്ചുഭാഗം ഷീറ്റിട്ടു. ചിതലരിച്ച ജനലുകൾ മാറ്റി വച്ചു. 20,000 രൂപയാണ് ഇതിന് ചെലവായത്. 2016-ൽ റവന്യൂ വകുപ്പ് 6,000 രൂപ ഈടാക്കുകയും ചെയ്തു. അന്ന് തറ വിസ്തീർണം 226.72 ചതുരശ്ര മീറ്ററായിരുന്നു എന്നാണ് റവന്യൂ വകുപ്പ് കണക്കാക്കിയത്. എന്നാൽ വർഷങ്ങൾക്കിപ്പുറം തറ വിസ്തീർണം  316. 2 ചതുരശ്ര മീറ്ററായി. ആകെ നിർമാണച്ചെലവ് കണക്കാക്കിയത് 41.2 ലക്ഷം രൂപയുമായി.

കെട്ടിട തൊഴിലാളി ക്ഷേമനിധി ബോർഡാണ് സെസ് നോട്ടീസ് അയച്ചിരിക്കുന്നത്. ആകെ 41,26,410 രൂപയുടെ ജോലികൾ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ ഒരു ശതമാനം (41,264 രൂപ) കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് അടയ്‌ക്കണമെന്നുമാണ് ഇപ്പോൾ തൊഴിൽ വകുപ്പ് പറയുന്നത്. 413 രൂപ സർവീസ് ചാർജ് ഇനത്തിൽ പണമായി നേരിട്ട് അടയ്‌ക്കണമെന്നും ബാക്കി 40,851 രൂപ നോട്ടീസ് കൈപ്പറ്റി 20 ദിവസത്തിനകം ഡിഡി ആയി ഓഫീസിൽ നൽകണമെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.

അരനൂറ്റാണ്ട് പഴക്കമുളള വീട് അറ്റകുറ്റപ്പണി നടത്തിയതിന് ചെലവായതിന്‍റെ ഇരട്ടി തുക സർക്കാരിലേക്ക് സെസ് അടയ്‌ക്കുന്നത് എന്തിനാണെന്ന് തോമസ് ചോദിക്കുന്നു. വെൽഫെയർ സെസ് ആക്ട് പ്രകാരമുളള തുക അടക്കാൻ ബാധ്യസ്ഥനല്ലെന്നും നോട്ടീസ് പിൻവലിക്കണമെന്നും കാണിച്ച് തോമസ് ജില്ലാ അസി. ലേബർ ഓഫീസർക്ക് കത്തയച്ചിരുന്നു.

എന്നാൽ കാലപ്പഴക്കം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സെസ് ഒഴിവാക്കി തരാമെന്ന നിലപാടിലാണ് തൊഴിൽ വകുപ്പ് ഉദ്യോ​ഗസ്ഥർ. സെസ് നിർണയിക്കുന്നത് താലൂക്ക്‌ ഓഫീസിൽനിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു.

Share
Leave a Comment