തൃശൂർ: ജീവിതം വഴിമുട്ടിയെന്ന് ചൂണ്ടിക്കാണിച്ച് ദയാവധത്തിന് അനുമതി തേടി കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ. ചികിത്സയ്‌ക്കും ജിവിത ചെലവിനും യാതൊരു വഴിയുമില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി തൃശൂർ മാപ്രാണം സ്വദേശി 53-കാരൻ ജോഷി ഹൈക്കോടതിക്കും സർക്കാരിനും അപേക്ഷ നൽകി. ജനുവരി 30-ന് ജീവിതം ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നതാണ് ആവശ്യം.
കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തിൽ പറയുന്നു. പണം ലഭിക്കാതെ വന്നപ്പോൾ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. 20 വർഷത്തിനിടെ 21 ശസ്ത്രക്രിയകളാണ് നടത്തിയതെന്നും ജോഷി കപറയുന്നു. കുടുംബത്തിന്റെ ചെലവുകളും മക്കളുടെ വിദ്യാഭ്യാസവും തന്റെ ചികിത്സയും പ്രതിസന്ധിയിലാണെന്നും കത്തിൽ പറയുന്നു. പണം ചോദിച്ച് ചെല്ലുമ്പോൾ സിപിഎം നേതാക്കൾ പുലഭ്യം പറയുന്നു. തൊഴിലെടുത്ത് ജീവിക്കാനും കഴിയുന്നില്ല. ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാൽ ഈ മാസം 30-ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാണ് കത്ത്.
ഏകദേശം 90 ലക്ഷം രൂപയ്‌ക്കടുത്ത് ജോഷിക്കും കുടുംബാംഗങ്ങൾക്കും കരുവന്നൂർ ബാങ്കിൽ നിക്ഷേപമുണ്ടായിരുന്നു. ചികിത്സയ്‌ക്കും ജിവിത ചെലവിനുമായി തുക മുഴുവൻ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബാങ്ക് നിരസിക്കുകയായിരുന്നു. പലപ്പോഴായി കുറച്ച് പണം കിട്ടിയെങ്കിലും ഇനിയും 70 ലക്ഷത്തിലേറെ രൂപയാണ് കിട്ടാനുള്ളതെന്ന് ജോഷി പറയുന്നു.















