ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ 15 പിഎഫ്ഐ ഭീകരരും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി. നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ്, നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ എന്നിവർക്കെതിരായ കുറ്റമാണ് തെളിഞ്ഞത്.
ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. വീട്ടിൽ അതിക്രമിച്ച് കയറിയതായും കണ്ടെത്തി. 13-ാം പ്രതി സക്കീർ ഹുസൈൻ, 14-ാം പ്രതി ഷാജി പൂവത്തിങ്കൽ, 15-ാം പ്രതി ഷെർനാസ് അസ്ലം എന്നീ മൂന്ന് പ്രതികളാണ് കൃത്യം നടത്തിയതിന് ഗൂഢാലോചന നടത്തിയത്. ഈ മൂന്ന് പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് കോടതി കണ്ടെത്തിയത്. 1,3,7 പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതിനും തെളിവ് നശിപ്പിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. 1, 2,7,8 പ്രതികൾ അതിക്രമിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്തി. 9-ാം പ്രതിയും 12-ാം പ്രതികൾക്കെതിരെ അതിക്രമിച്ച് കയറൽ, 1,3,7 പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതായും കോടതി കണ്ടെത്തി. തിങ്കളാഴ്ച പ്രതികളുടെ ശിക്ഷ വിധിക്കും.
2021 ഡിസംബർ 19-നായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുൻപിൽ വച്ച് പിഎഫ്ഐ ഭീകരർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വൻ ഗൂഢാലോചനകൾക്ക് ശേഷമായിരുന്നു കൊല. ആലപ്പുഴ ഡിവൈ.എസ്പി എൻ.ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 1,000-ത്തോളം രേഖകളും 100-ലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ ഹാജരാക്കി.















