എറണാകുളം: പച്ചക്കറി കച്ചവടത്തിന്റെ പേരിൽ സിപിഐ നേതാവ് പറ്റിച്ചെന്ന് പരാതി. എറണാകുളത്തെ പ്രമുഖ സിപിഐ നേതാവ് പി രാജുവും സുഹൃത്തുക്കളും ചേർന്ന് 45 ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി. പച്ചക്കറി കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണം സിപിഐയ്‌ക്കായതിനാൽ ഹോർട്ടികോർപ്പിൽ സ്വാധീനമുണ്ട്. തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി കൊണ്ട് വന്ന് വിറ്റാൽ വൻ ലാഭമുണ്ടാകുമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. മുടക്കുമുതലും ലാഭവും കിട്ടാതായതോടെയാണ് കൊടുങ്ങല്ലൂർ സ്വദേശി അഹമ്മദ് റസീൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്.
സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജു, ഡ്രൈവർ ധനീഷ്, വിതുൽ ശങ്കർ,സി വി സായ് എന്നിവർക്കെതിരെയാണ് പരാതി. ധനീഷിന്റെ നിർദ്ദേശപ്രകാരം രണ്ട് വർഷങ്ങൾക്ക് മുമ്പാണ് അഹമ്മദ് റസീൻ സിപിഐ ഓഫീസിലെത്തി അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി രാജുവിനെ കണ്ടത്. ഹോർട്ടികോർപ്പിന് പച്ചക്കറി വിറ്റാൽ വൻ ലാഭമുണ്ടാവുമെന്നും ഭരണ സ്വാധീനമുള്ളതിനാൽ പണം കിട്ടാൻ കാലതാമസമുണ്ടാവില്ലെന്നും പി രാജു ധരിപ്പിച്ചു.
62 ലക്ഷം രൂപയാണ് പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് പി രാജുവിനും കൂട്ടാളികൾക്കും ഇതുവരെ നൽകിയത്. ഇതിൽ 17 ലക്ഷം രൂപ തിരിച്ചു കിട്ടി. ബാക്കി 45 ലക്ഷം രൂപ കിട്ടിയില്ല. പണം കിട്ടാതായതോടെ നടത്തിയ അന്വേഷണത്തിൽ പികെ രാജുവിന് ഹോർട്ടികോർപ്പിൽ നിന്ന് പണം കിട്ടിയതായി അറിഞ്ഞു. ബിസിനസിനായി താൻ നൽകിയ പണത്തിൽ നിന്നുള്ള 15 ലക്ഷം രൂപ ചെലവിട്ടാണ് പി രാജു കാർ വാങ്ങിയത്. വഞ്ചിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് പോലീസിൽ പരാതി നൽകിയതെന്നും അഹമ്മദ് റസീൻ പറഞ്ഞു.എന്നാൽ അഹമ്മദ് റസീനെ അറിയില്ലെന്നാണ് പി രാജുവിന്റെ മറുപടി.















