തിരുവനന്തപുരം: അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് ധനവകുപ്പിന് കത്തയച്ച് ഭക്ഷ്യവകുപ്പ്. സപ്ലൈക്കോയിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ സാമ്പത്തിക സഹായം നൽകണമെന്നും കത്തിൽ പറയുന്നു. അടുത്ത സാമ്പത്തിക വർഷത്തേക്ക് പണം അനുവദിച്ചില്ലെങ്കിൽ ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനം താറുമാറാകുമെന്നും ധനവകുപ്പിന് ഭക്ഷ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് നഷ്ടത്തിലായ സപ്ലൈക്കോകൾ പൂട്ടാനുള്ള തീരുമാനത്തിലാണ്. ധനവകുപ്പിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ അവശ്യവസ്തുക്കൾ സപ്ലൈക്കോകളിലേക്ക് വിതരണം ചെയ്യാൻ കഴിയില്ലെന്നും മിക്ക സപ്ലൈക്കോകളും വിപണന കേന്ദ്രങ്ങളും അടയ്ക്കേണ്ടി വരുമെന്നും കത്തിൽ പറയുന്നു.















