ചെന്നൈ: രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കടലിൽ സ്നാനം ചെയ്ത് ജപത്തിൽ മുഴുകുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങൾ ഇതിനോടകം പ്രചാരം നേടിക്കഴിഞ്ഞു. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂർണ്ണകുംഭം നൽകിയാണ് സ്വീകരിച്ചത്. ദർശനത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ തീർത്ഥങ്ങളിൽ നിന്നുള്ള ജലത്തിൽ സ്നാനം ചെയ്യുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. ത്രിദിന സന്ദർശനത്തിനാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ എത്തിയത്.
ലങ്കയിൽ നിന്നും തിരികെയെത്തിയതിന് ശേഷം സീതാദേവി മണ്ണിൽ നിർമ്മിച്ച വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. ബദരീനാഥ്, ദ്വാരക, പുരി തുടങ്ങിയ ചാർധാമുകളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ഭഗവാൻ ശിവന്റെ 12 ജ്യോതിർലിംഗങ്ങളിൽ അതിപ്രസിദ്ധവുംമാണ് ഇവിടെയുള്ള വിഗ്രഹം. ഉച്ചയ്‌ക്ക് 2.10നാണ് പ്രധാനമന്ത്രി രാമേശ്വരം അമൃതാനന്ദ സ്‌കൂൾ കാമ്പസിലെത്തിയത്. തുടർന്ന് 3.10ന് അഗ്നിതീർത്ഥത്തിൽ പുണ്യസ്നാനം നടത്തി. പിന്നീട് ക്ഷേത്രത്തിലെ രാമായണപാതയിലും ഭജനയിലും അദ്ദേഹം പങ്കുചേർന്നു.















