കോട്ടയം: വോട്ടുബാങ്കിന് വേണ്ടി ആദർശം കുഴിച്ചുമൂടിയവരാണ് കോൺഗ്രസുകാരെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോട്ടയം വൈക്കത്ത് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അയോദ്ധ്യയിലെ ചടങ്ങ് ബഹിഷ്കരിക്കുകയാണെന്ന കോൺഗ്രസിന്റെ നിലപാടിനെയാണ് വെള്ളപ്പാള്ളി നടേശൻ ശക്തമായി വിമർശിച്ചത്.
”രാമക്ഷേത്രത്തിൽ നാളെ തിരി തെളിയുകയാണ്, അവിടെ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന്, അഭിപ്രായം പറയാൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന് എത്ര നാളെടുത്തു? കാരണമിതാണ്, സ്വന്തം അഭിപ്രായം പറയാൻ നട്ടെല്ലില്ലാതെ പോയതല്ല. അഭിപ്രായം പറയണമെങ്കിൽ, വയനാട്ടിൽ രാഹുൽ ജയിക്കണമെങ്കിൽ, ആരുടെ വോട്ടുവേണം? ഇത് പറയുമ്പോൾ ഞാൻ ജാതിയും വർഗീയതയും പറയുകയാണെന്ന് പറയും. എന്നാൽ ഇത് സത്യമാണ്. വയനാട്ടിൽ രാഹുൽ ജയിക്കണമെങ്കിൽ ആരുടെ വോട്ടുവേണം? ആ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താൻ ആദർശങ്ങളെ കുഴിച്ചുമൂടി എല്ലാ പാർട്ടികളും അധികാരകസേര ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. ” വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.