ഇക്ഷ്വാകു വംശത്തിലെ ശ്രീരാമൻ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആഹ്ലാദനിറവിലാണ് അയോദ്ധ്യ നഗരം. ഇന്നേ ദിവസം ഓരോ ശ്രീരാമ ഭക്തനും അയോദ്ധ്യയിലെത്താൻ കൊതിക്കുന്നുണ്ട്. എന്നാൽ, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമേ രാമക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ.
പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബോളിവുഡ് താരങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ടായിരുന്നു. താരങ്ങളെല്ലാം അയോദ്ധ്യയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. വിക്കി കൗശൽ-കത്രീന കൈഫ്, രൺബീർ കപൂർ-ആലിയ ഭട്ട്, മാധുരി ദീക്ഷിത് ഭർത്താവ് തുടങ്ങിയവരെല്ലാം മുംബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. പരമ്പരാഗത വസ്ത്രത്തിലായിരുന്നു താരങ്ങളെല്ലാം വിമാനത്താവളത്തിലെത്തിയത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ആയുഷ്മാൻ ഖുറാന, കങ്കണ റണാവത്ത്, ടൈഗർ ഷ്റോഫ് തുടങ്ങിയ ബോളിവുഡ് താരങ്ങളും ആശാ ഭോസ്ലെ ഉൾപ്പെടെയുള്ള പ്രശസ്ത ഗായകരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
സന്യാസികൾക്കും കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് നിന്നുള്ള 8000ത്തോളം പേർക്കുമാണ് അയോദ്ധ്യയിലേക്ക് ഇന്ന് ക്ഷണം ലഭിച്ചിരിക്കുന്നത്. പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഉച്ചയ്ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂർത്തം.