അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനായി എത്തിച്ചേർന്ന് ഇന്ത്യൻ കായിക താരങ്ങൾ. ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നുവെന്ന് ബാഡ്മിന്റൺ താരം സൈന നെഹ്‌വാളും ക്രിക്കറ്റ് താരം മിതാലി രാജും.
‘പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നത്. ചടങ്ങ് പൂർത്തിയായതിന് ശേഷം ഞങ്ങൾ ഭഗവാൻ ശ്രീരാമനെ ദർശിക്കും. ആ നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. എന്റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്’. – സൈന നെഹ്‌വാൾ പറഞ്ഞു.
‘ആരാധനാലയത്തിൽ ഒരു വിശ്വാസി ഇരിക്കുമ്പോഴുണ്ടാകുന്ന അതേ വികാരങ്ങളിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നു പോകുന്നത്. വളരെ കാലമായി ഞാൻ ഉൾപ്പെടെയുള്ള ഈ രാജ്യത്തെ വിശ്വാസികൾ ആഗ്രഹിച്ചിരുന്ന കാര്യമാണിത്. ദൈവത്തിന്റെ അനുഗ്രഹം ഉള്ളതു കൊണ്ടാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുന്നത്. ഭാരതത്തിലെ ജനങ്ങൾക്ക് ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. ഇവിടെയിരിക്കാനും ആഘോഷത്തിന്റെ ഭാഗമാകാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്’.- മിതാലി രാജ് പറഞ്ഞു.















