ഇതിലും വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അയോദ്ധ്യാ രാമക്ഷേത്രത്തിലെ രാം ലല്ലയുടെ വിഗ്രഹം നിർമ്മിച്ച ശിൽപി അരുൺ യോഗിരാജ്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയ അരുൺ യോഗിരാജ് സന്തോഷത്തിലും അഭിമാനത്തിലുമാണ്. ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ താനാണ്. പൂർവ്വികരുടെയും കുടുംബാംഗങ്ങളുടെയും ഭഗവാൻ രാംലല്ലയുടെയും അനുഗ്രഹം എപ്പോഴും കൂടെയുണ്ട്. ചില നിമിഷങ്ങളിൽ ഞാൻ സ്വപ്ന ലോകത്താണ്- അരുൺ യോഗി രാജ് പറഞ്ഞു.
രാം ലല്ലയുടെ വിഗ്രഹം നിർമ്മിക്കാൻ കഴിഞ്ഞ ഏപ്രിലിലാണ് അരുണിനെ ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് സമീപിച്ചത്. ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം തീർക്കണമെന്നായിരുന്നു നിർദ്ദേശം. ഒരുപാട് പഠനങ്ങൾക്ക് ശേഷമാണ് രാം ലല്ലയുെട വിഗ്രഹം കൊത്തിയെടുത്തത്. 10 ടൺ കൃഷ്ണശിലയിൽ കൊത്തിയെടുത്തതാണ് രാം ലല്ലയുടെ 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം.
മൈസൂരു സ്വദേശിയായ അരുൺ യോഗി രാജ് എംബിഎ ബിരുദധാരിയാണ്. 2008-ലാണ് കുലത്തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏഴുമാസത്തോളമെടുത്താണ് രാം ലല്ലയുടെ വിഗ്രഹം നിർമ്മിച്ചത്. കേദാർനാഥിലെ ആദി ശങ്കരാചാര്യ പ്രതിമ, ന്യൂഡൽഹിയിലെ ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ തുടങ്ങിയവയെല്ലാം കൊത്തിയെടുത്തത് അരുൺ യോഗി രാജാണ്.