തിരുവനന്തപുരം: അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതിലും പ്രാണ പ്രതിഷ്ഠയിലും സന്തോഷം പങ്കുവച്ച് അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ് ജെ. നന്ദകുമാർ. രാമക്ഷേത്രത്തിനുള്ള വിശ്വാസികളുടെ 496 വർഷത്തെ പോരാട്ടമാണ് ഇന്ന് യാഥാർത്ഥ്യമായത്. ലക്ഷകണക്കിന് രാമഭക്തരുടെ ബലിദാനത്തിന്റെ ഫലമായാണ് രാമജന്മഭൂമിയിൽ ക്ഷേത്രം ഉയർന്നത്. ദീർഘ നാളത്തെ കാത്തിരിപ്പ് യാഥാർത്ഥ്യമായെന്നും ജെ നന്ദകുമാർ എക്‌സിൽ കുറിച്ചു.
ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീ കാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.
പ്രതിഷ്ഠാ ചടങ്ങിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.