ഭാരതത്തിലെ എല്ലാവരും കാത്തിരുന്ന ദിവസമാണ് ഇന്നത്തേതെന്ന് നടൻ ഉണ്ണി മുകുന്ദൻ. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഇന്ന് പോകാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നെന്നും എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ കാരണം കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. ചിത്രീകരണം കഴിഞ്ഞാൽ രാമക്ഷേത്രത്തിൽ പോകുമെന്നും ഉണ്ണിമുകുന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ദിവസമാണിന്ന്. ഒരുപാട് കാത്തിരിപ്പുകൾക്കു ശേഷം രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചിരിക്കുകയാണ്. ഇന്ന് അയോദ്ധ്യയിൽ പോകണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. നേരിട്ട് പോകാൻ എനിക്ക് സാധിച്ചില്ല. കാരണം ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു. പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്തായാലും ഈ സിനിമയുടെ ഷൂട്ടിംഗിന് ശേഷം തീർച്ചയായും ഞങ്ങളെല്ലാവരും പോയിരിക്കും. ഇന്ന് ഒരുപാട് സന്തോഷത്തോടെ സെറ്റിലൊരു പൂജ നടത്തി.
ഭാരതത്തിലെ എല്ലാവരും കാത്തിരുന്ന ദിവസമായിരുന്നു ഇന്ന്. നേരിട്ട് അയോദ്ധ്യയിലെത്തിയവർക്ക് ഇന്ന് ദർശനവും ലഭിച്ചുകഴിഞ്ഞിരിക്കുകയാണ്. എന്തായാലും ഉടൻ തന്നെ അവിടെ പോകാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാകട്ടെ.’- ഉണ്ണി മുകുന്ദൻ പറഞ്ഞു.
അയോദ്ധ്യാ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഗെറ്റ് സെറ്റ് ബേബിയുടെ ലൊക്കേഷനിൽ ഉണ്ണിമുകുന്ദൻ രാമജ്യോതി തെളിയിച്ച് ആഘോഷം നടത്തിയിരുന്നു. സംവിധായകൻ വിനയ് ഗോവിന്ദും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ശ്രീരാമ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് ഉണ്ണി മുകുന്ദൻ മാദ്ധ്യമങ്ങളോട് സംസാരിച്ചത്.















