ലക്‌നൗ: പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവും ഹിമാചൽപ്രദേശ് മന്ത്രിയുമായ വിക്രമാദിത്യ സിംഗ്. ഹൈക്കമാൻഡ് നിലപാടിനെ എതിർത്താണ് വിക്രമാദിത്യ സിംഗ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് കടുത്ത വിയോജിപ്പായിരുന്നു കോൺഗ്രസ് കാണിച്ചിരുന്നത്. ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും ക്ഷണം നിരസിക്കുകയും ഇത് സംബന്ധിച്ച ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. എന്നാൽ ഈ എതിർപ്പുകളെയെല്ലാം കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിലെ സർക്കാർ തള്ളിയിരുന്നു. പല കോൺഗ്രസ് മന്ത്രിമാരും പ്രാണപ്രതിഷ്ഠയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.
ഭഗവാൻ ശ്രീരാമന്റെ ഭക്തനായ വീർഭദ്ര സിംഗിന്റെ മകനായാണ് ഞാൻ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത്. അദ്ദേഹത്തിന്റെ മകനെന്ന നിലയിൽ ചടങ്ങിൽ പങ്കെടുക്കേണ്ടത് എന്റെ കടമയാണ്. ഒരു പുത്രന്റെ കടമ നിർവഹിക്കാതിരിക്കാൻ എനിക്കാവില്ല. ശ്രീരാമ ജന്മഭൂമിക്കായുള്ള പ്രക്ഷോഭത്തിൽ പിതാവും പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രതിഷ്ഠാ ചടങ്ങിന് മുമ്പായി വിക്രമാദിത്യ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
പ്രാണപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഹിമാചൽ സർക്കാർ ഉച്ചവരെ അവധി പ്രഖ്യാപിക്കുകയും ആഘോഷങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സുഖ്വീന്ദർ സുകുവിന്റെ ഔദ്യോഗിക വസതി ദീപാലകൃതമാക്കുകയും ചെയ്തിരുന്നു.















