ലക്നൗ: 500 വർഷത്തിന് ശേഷം ശ്രീരാമ ഭഗവാൻ ഭാരതഭൂവിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷവും ആഹ്ലാദവും പങ്കിട്ട് ജനകോടികൾ. രാമനഗരിയിൽ ഇന്നലെ രാവ് പകലായി, 10 ലക്ഷം ചിരാതുകളിൽ ദീപം തെളിഞ്ഞു. രാം കി പൈഡിയിൽ നടന്ന ലേസർ ഷോ ജനങ്ങളുടെ മനം കവർന്നു.
അയോദ്ധ്യാപുരി ഇന്നലെ മുഴുവൻ രാമമന്ത്ര മുഖരിതമായിരുന്നു. “റാം, ജയ് ജയ് ശ്രീറാം” മുഴക്കിയാണ് ഓരോ രാമഭക്തനും കഴിഞ്ഞ ദിനത്തെ വരവേറ്റത്. സരയൂ നദി തീരത്ത് സൂര്യൻ വിടവാങ്ങിയതിന് പിന്നാലെ ക്ഷേത്ര നഗരത്തിലെങ്ങും മൺവിളക്കിൽ ദീപം തെളിഞ്ഞു, ആളുകൾ തെരുവുകളിലിറങ്ങി ആഘോഷിച്ചു, മധുരം വിളമ്പി.
അയോദ്ധ്യയുടെ സമീപ പ്രദേശങ്ങളിലും പൂക്കളും വിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു, ഈ അസുലഭ നിമിഷത്തിനായി കഴിഞ്ഞ 500 വർഷമായി കാത്തിരിക്കുകയായിരുന്നുവെന്ന് പ്രധാന പുരോഹിതൻ സത്യേന്ദ്ര ദാസ് പറഞ്ഞു.