ലക്‌നൗ: ദീർഘ നാളത്തെ പഠനങ്ങൾക്ക് ശേഷമാണ് അയോദ്ധ്യാ രാമക്ഷേത്രത്തിലെ രാം ലല്ലയുടെ വിഗ്രഹത്തിനുള്ള ആഭരണങ്ങൾ തയ്യാറാക്കിയതെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ്. അദ്ധ്യാത്മ രാമായണം, വാൽമീകി രാമായണം, രാമചരിതം, ആളവന്ദർ സ്‌തോത്രം തുടങ്ങിയ ഗ്രന്ഥങ്ങളാണ് പഠനത്തിനും ഗവേഷണത്തിനുമായി വിധേയമാക്കിയത്. ഈ ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കിയാണ് ഹർസഹൈമൽ ഷിയാംലാൽ ജ്വല്ലേഴ്സ് രാം ലല്ലയ്‌ക്കായുള്ള ആഭരണങ്ങൾ തയ്യാറാക്കിയത്.
ബനാറസി തുണിയിലാണ് രാം ലല്ലയുടെ വിഗ്രഹം അലങ്കരിച്ചിരിക്കുന്നത്. വിഗ്രഹത്തിൽ മഞ്ഞ മുണ്ടും ചുവന്ന അംഗവസ്ത്രവും ഉൾപ്പെടുന്നു. സ്വർണം കൊണ്ടുള്ള നൂലുകളിലാണ് അംഗവസ്ത്രം നിർമ്മിച്ചിരിക്കുന്നത്. വൈഷ്ണവ ചിഹ്നങ്ങളായ ശംഖ്, പത്മം, ചക്രം, മയൂർ എന്നിവ അംഗ വസ്ത്രത്തിൽ ഉൾപ്പെടുന്നു. മനീഷ് ത്രിപാഠി എന്ന ഡിസൈനറാണ് രാം ലല്ലയുടെ വസ്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
നാഗരിക ശൈലിയിലാണ് രാമക്ഷേത്ര നിർമ്മാണം. കിഴക്ക്- പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന മന്ദിരത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുണ്ട്. ഭാരതത്തിന്റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഭൂമിയ്‌ക്ക് ദോഷം വരാത്ത രീതിയിലാണ് ശ്രീരാമ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.















