ന്യൂഡൽഹി: പരാക്രം ദിവസത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന് സ്മരാണാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച നേതാജിയുടെ ധൈര്യം പ്രശംസനീയമാണെന്ന് രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
‘കൊളോണിയൽ ഭരണത്തിനെതിരെ നിർഭയമായി പോരാടാൻ അദ്ദേഹം ഇന്ത്യക്കാരെ പ്രേരിപ്പിച്ചു. രാജ്യം എപ്പോഴും നേതാജിയെ അങ്ങേയറ്റം നന്ദിയോടെ ഓർക്കും’രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ സ്മരാണാഞ്ജലി അർപ്പിച്ചു. എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന സുഭാഷ് ചന്ദ്രബോസിന്റെ വാക്കുകൾ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ത്യാഗങ്ങളുടെ ഓർമ്മപ്പെടുത്തലുകളാണെന്ന് ജഗ്ദീപ് ധൻഖർ എക്സിൽ കുറിച്ചു.
സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സ്വാതന്ത്ര്യസമരത്തിലെ മഹാനായ നായകന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. 2021-ലാണ് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസമായി പ്രഖ്യാപിച്ചത്















