ഭോപ്പാൽ: ഭാരതത്തിലെ ജനങ്ങളുടെ 500 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ശ്രീരാമചന്ദ്രൻ തിരികെ അയോദ്ധ്യയിൽ തിരിച്ചെത്തിയിരിക്കുന്നുവെന്നും ഇത് സാധ്യമാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണന്നും അദ്ദേഹം പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ക്ഷേത്രം ജനങ്ങൾക്കായി തുറന്നു കൊടുത്തതിന്റെ സന്തോഷം മാദ്ധ്യമങ്ങളോട് പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.
” 500 വർഷത്തെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. ശ്രീരാമൻ ഭാരതീയരെ കാണാൻ തിരിച്ചെത്തി.
ഈ സ്വപ്ന സാക്ഷാത്കാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്നത്. 2019-ലാണ് പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ഇന്നലെ നമ്മുടെ സ്വപ്‌നം സഫലമായി. എന്നാൽ ഇതോടെ നമ്മുടെ കർത്തവ്യങ്ങൾ തീരുന്നില്ല. ഇനിയാണ് തുടങ്ങുന്നത്”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പൂർവ്വികരുടെ കഠിനധ്വാനത്തിന്റെ ഫലമായാണ് രാമനഗരിയിൽ അയോദ്ധ്യാധിപതിക്ക് വീണ്ടും ക്ഷേത്രമുയർന്നത്. നമ്മുടെ രാജ്യത്തെ ഇന്ന് ലോകം ഉറ്റുനോക്കുന്നു. ഇനിയും നമ്മുടെ രാജ്യം മുന്നോട്ട്‌പോകേണ്ടതുണ്ട്. അതിനായി ഓരോ പൗരനും അവരുടെ കർത്തവ്യങ്ങൾ നിറവേറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി.















